കിടക്കയിൽ നിന്ന് ബ്രോഡ്കാസ്റ്റിലേക്ക് എഐ വിസ്മയവുമായി റിയാസ് പത്താൻ

ആശുപത്രി ചികിത്സയ്ക്കിടെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സർക്കാർ ആപ്പിനായി പ്രമോ വീഡിയോ ഒരുക്കി നടൻ റിയാസ് പത്താൻ മാതൃകയാകുന്നു.

കിടക്കയിൽ നിന്ന് ബ്രോഡ്കാസ്റ്റിലേക്ക് എഐ വിസ്മയവുമായി റിയാസ് പത്താൻ
ആശുപത്രി ചികിത്സയ്ക്കിടെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സർക്കാർ ആപ്പിനായി പ്രമോ വീഡിയോ ഒരുക്കി നടൻ റിയാസ് പത്താൻ മാതൃകയാകുന്നു.

ബെഡ് റെസ്റ്റിലും തളരാത്ത സർഗ്ഗാത്മകത; AI സാങ്കേതിക വിദ്യയിൽ സർക്കാർ പ്രമോ വീഡിയോ ഒരുക്കി നടൻ റിയാസ് പത്താൻ

​തിരുവനന്തപുരം: ശാരീരിക ബുദ്ധിമുട്ടുകളെയും ആശുപത്രി വാസത്തെയും അതിജീവിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാതൃകാപരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ റിയാസ് പത്താൻ. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് വികസിപ്പിച്ച ‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പിനായി എഐ (AI) സാങ്കേതിക വിദ്യയിൽ നാല് മിനിറ്റിലധികം ദൈർഘ്യമുള്ള പ്രമോ വീഡിയോ ഒരുക്കിയാണ് റിയാസ് ശ്രദ്ധേയനാകുന്നത്.

​അപകടത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് റിയാസ് ഈ ദൗത്യം ഏറ്റെടുത്തത്. പൂർണ്ണമായ ബെഡ് റെസ്റ്റ് നിർദ്ദേശിക്കപ്പെട്ട സാഹചര്യത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വിഷ്വൽ ഡിസൈൻ, വോയ്സ് സിന്തസിസ്, ഡിജിറ്റൽ എഡിറ്റിംഗ് എന്നിവ സമന്വയിപ്പിച്ച് വീഡിയോയുടെ ഓരോ ഘട്ടവും അദ്ദേഹം ഓൺലൈനായി ഏകോപിപ്പിച്ചു.

​തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ടുള്ള ‘തൊഴിൽ സുരക്ഷ’ ആപ്പ് ഫെബ്രുവരി 11-ന് മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച ഗുണനിലവാരത്തോടെ വീഡിയോ പൂർത്തിയാക്കാൻ AI ഏറെ സഹായിച്ചുവെന്ന് റിയാസ് പറഞ്ഞു. കായംകുളം കൊച്ചുണ്ണി, റാണി, രണ്ടാം മുഖം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ റിയാസ്, രണ്ട് സിനിമകളുടെ തിരക്കഥാ രചനയ്ക്കിടെയാണ് അപകടത്തിൽപ്പെട്ടത്. പരിമിതികളെ മറികടന്നുള്ള അദ്ദേഹത്തിന്റെ ഈ പ്രവർത്തനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്.

https://www.facebook.com/reel/1206796661443484