നീതി സാധാരണക്കാരന്റെ അവകാശം പണമില്ലാത്തതിന്റെ പേരിൽ അത് നിഷേധിക്കപ്പെടരുത് ജസ്റ്റിസ് സി. പ്രദീപ് കുമാർ
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആർക്കും നീതി നിഷേധിക്കപ്പെടരുതെന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ. കാക്കനാട് ഗവ. ഒബ്സർവേഷൻ ഹോമിലെ ലീഗൽ സർവീസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി സാധാരണക്കാരന്റെ അവകാശം; പണമില്ലാത്തതിന്റെ പേരിൽ അത് നിഷേധിക്കപ്പെടരുത്: ജസ്റ്റിസ് സി. പ്രദീപ് കുമാർ
കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആർക്കും നീതി നിഷേധിക്കപ്പെടരുതെന്നും സാധാരണക്കാർക്ക് നിയമസഹായം ഉറപ്പാക്കുകയാണ് ലീഗൽ സർവീസ് ക്ലിനിക്കുകളുടെ ലക്ഷ്യമെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. പ്രദീപ് കുമാർ. കാക്കനാട് ഗവൺമെന്റ് ഒബ്സർവേഷൻ ഹോമിൽ പുതുതായി സജ്ജമാക്കിയ ലീഗൽ സർവീസ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി നടപടികളിലെ കാലതാമസവും സാമ്പത്തിക ബാധ്യതകളും സാധാരണക്കാരെ നീതി തേടുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന ദീർഘമായ സമയം വലിയൊരു വെല്ലുവിളിയാണ്. സിവിൽ കേസുകൾ ഉൾപ്പെടെ പതിറ്റാണ്ടുകളോളം കോടതികളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഇന്നുമുണ്ട്. ഇത്തരം പ്രതിസന്ധികൾ മറികടന്ന് എല്ലാവർക്കും വേഗത്തിൽ നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലീഗൽ സർവീസസ് അതോറിറ്റി ആക്ട് നിലവിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ നിയമസഹായ മേഖല മെച്ചമാണെങ്കിലും, ഇത് സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ നിയമ വിദ്യാർത്ഥികൾക്കും യുവ അഭിഭാഷകർക്കും വലിയ പങ്കുവഹിക്കാനുണ്ട്. കേരളത്തിലുടനീളം ലീഗൽ സർവീസ് ക്ലിനിക്കുകൾ വ്യാപിപ്പിക്കണമെന്നും സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്ക് നീതി ഉറപ്പാക്കാൻ ഇത്തരം സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണെന്നും ജസ്റ്റിസ് പ്രദീപ് കുമാർ കൂട്ടിച്ചേർത്തു.
കെൽസ (KeLSA) മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ അനിൽ കെ. ഭാസ്‌കർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. എറണാകുളം ജെ.ജെ.ബി പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് ജി. പത്മകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി കെ. ബാലകൃഷ്ണൻ, കണയന്നൂർ ടി.എൽ.എസ്.സി ചെയർപേഴ്‌സൺ എം. സുലേഖ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.