മൂവാറ്റുപുഴയിൽ പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ വളഞ്ഞിട്ട് മർദിച്ചു

മൂവാറ്റുപുഴയിൽ പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ വളഞ്ഞിട്ട് മർദിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതികൾ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാകാൻ നിർദ്ദേശം.

മൂവാറ്റുപുഴയിൽ പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ വളഞ്ഞിട്ട് മർദിച്ചു
മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

പത്താം ക്ലാസുകാരനെ വളഞ്ഞിട്ട് മർദിച്ച സംഭവം: വിദ്യാർഥികൾക്കെതിരെ പൊലീസ്‌ കേസെടുത്തു; പിടിഎ യോഗം ഇന്ന്

മൂവാറ്റുപുഴ: സ്കൂൾ വിദ്യാർഥികൾക്കിടയിലെ അതിക്രമം വർധിച്ചുവരുന്നതായി സൂചിപ്പിച്ചുകൊണ്ട് മൂവാറ്റുപുഴയിൽ ഞെട്ടിക്കുന്ന സംഭവം. പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികളായ നാലംഗ സംഘം വളഞ്ഞിട്ട് ക്രൂരമായി മർദിക്കുകയും, ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

​ഇതേ സ്കൂളിലെ വിവിധ ഡിവിഷനുകളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് മർദനമേറ്റയാളും ആക്രമണം നടത്തിയവരും. ഈ മാസം 16-ാം തീയതി സ്കൂളിലുണ്ടായ ചെറിയ തർക്കത്തെത്തുടർന്നുള്ള വിദ്വേഷമാണ് പിറ്റേദിവസം ക്രൂരമായ മർദനത്തിൽ കലാശിച്ചത്. സ്കൂൾ വിട്ട് വൈകിട്ട് നാലരയോടെ പുറത്തുള്ള ഇടവഴിയിൽ വെച്ചായിരുന്നു ആസൂത്രിതമായ ആക്രമണം.

​"മര്യാദയ്ക്ക് നടന്നില്ലെങ്കിൽ ഇനിയും കിട്ടുമെടാ.... വിദ്യാർഥിയെ മർദിച്ചതിനുശേഷം സംഘം ഭീഷണിപ്പെടുത്തി പറഞ്ഞത്.

​മർദനത്തിന് മുമ്പ് സംഘം വിദ്യാർഥിക്കു ചുറ്റും നടന്ന് പരിഹസിക്കുകയും ആർത്തു ചിരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ പല തവണ മർദിക്കുന്നതു പോലെ നടിക്കുകയും, തുടർന്ന് ഒന്നാം പ്രതി കുട്ടിയുടെ ഇടത്തേ കവിളിൽ ആഞ്ഞിടിക്കുകയുമായിരുന്നു. പിന്നാലെ മറ്റുള്ളവരും മുഖത്തും തലയിലും അടിക്കുകയും ചവിട്ടുകയും ചെയ്തു. ആക്രമണത്തിനു ശേഷവും പ്രതികൾ ആർത്തു ചിരിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

​ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച വിദ്യാർഥികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളായ വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാകണമെന്ന് പൊലീസ് നിർദ്ദേശം നൽകി. കുട്ടികൾക്കെതിരെയുള്ള ജുവനൈൽ ജസ്റ്റിസ് ബോർഡ് റിപ്പോർട്ട് നടപടികൾക്കായി സമർപ്പിക്കും.

​സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്കൂൾ മാനേജ്മെന്റും പിടിഎയും കർശന നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് സ്കൂളിൽ പിടിഎ യോഗം ചേരുന്നുണ്ട്.