വന്യജീവി ആക്രമണം തടയാൻ സൗരോർജ്ജ തെരുവ് വിളക്കുകളുമായി വനം വകുപ്പ്

വയനാട്ടിൽ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിര്‍ത്തി ഗ്രാമങ്ങളില്‍ സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് വനം വകുപ്പ്

വന്യജീവി ആക്രമണം തടയാൻ സൗരോർജ്ജ തെരുവ് വിളക്കുകളുമായി വനം വകുപ്പ്
വന്യജീവി സംഘര്‍ഷം തടയാന്‍ വനം വകുപ്പ് വനാതിര്‍ത്തികളില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ്ജ വിളക്കുകള്‍

വയനാട്ടിൽ വന്യജീവി ആക്രമണം തടയാൻ സൗരോർജ്ജ തെരുവ് വിളക്കുകളുമായി വനം വകുപ്പ്

വയനാട്: വന്യജീവി ആക്രമണ ഭീതി നേരിടുന്ന വനാതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് ആശ്വാസമായി വനം വകുപ്പിന്റെ സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നോര്‍ത്ത് വയനാട് വനം ഡിവിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി റാപ്പിഡ് റസ്‌പോണ്‍സ് ടീമും കീ സ്റ്റോണ്‍ ഫൗണ്ടേഷനും കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കിയത്.

​രാത്രികാലങ്ങളില്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് പ്രദേശവാസികള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. വെളിച്ചക്കുറവ് കാരണം വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയാത്തത് അപകടങ്ങള്‍ക്ക് കാരണമായ സാഹചര്യത്തിലാണ് വന്യജീവി സംഘര്‍ഷ സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്.

​ബേഗൂര്‍, മാനന്തവാടി, പേര്യ റെയ്ഞ്ചുകളിലെ അറവനാഴി, പനവല്ലി, അവരമൂല, എമ്മടി, ഷാണമംഗലം, ബാവലി, മാനിവയല്‍, മുത്തുമാരി, തച്ചറക്കൊല്ലി, കുമ്പന്നൂര്‍, പഞ്ചാരക്കൊല്ലി, പണിയന്‍കുഴി മല, മൈലറ്റുമല, പെരിഞ്ചേരിമല, കോട്ടയില്‍ എന്നീ പതിനഞ്ചോളം പ്രദേശങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

​തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ ഗ്രാമതല യോഗങ്ങള്‍ ചേര്‍ന്ന് ഈ സൗരോര്‍ജ്ജ വിളക്കുകളുടെ ദീര്‍ഘകാല പരിപാലനം വനംവകുപ്പ് ഉറപ്പാക്കും. വൈദ്യുതി തടസങ്ങള്‍ ബാധിക്കാത്ത ഈ വിളക്കുകള്‍ വന്നതോടുകൂടി രാത്രികാല യാത്രകള്‍ കൂടുതല്‍ സുരക്ഷിതമായതിന്റെ ആശ്വാസത്തിലാണ് വനാതിര്‍ത്തിയിലെ നാട്ടുകാര്‍.