എൽ ഡി എഫ് സമരപ്പഥത്തിലേക്ക്
സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF).
തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF). ഇതിന്റെ ഭാഗമായി ജനുവരി 12-ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സത്യഗ്രഹം സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭാംഗങ്ങൾ, എം.എൽ.എമാർ, എം.പിമാർ, മുന്നണിയിലെ പ്രമുഖ നേതാക്കൾ എന്നിവർ പ്രതിഷേധത്തിൽ അണിനിരക്കും.
കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം തടഞ്ഞുവെക്കുന്നതും, കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നതുമായ കേന്ദ്ര നിലപാടുകൾക്കെതിരെയാണ് ഈ സമരം. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതിനൊപ്പം അതിന്റെ അന്തസ്സത്ത തന്നെ തകർക്കുന്ന കേന്ദ്ര നീക്കങ്ങളെയും എൽ.ഡി.എഫ് രൂക്ഷമായി വിമർശിച്ചു.
മേഖലാ ജാഥകളും പ്രാദേശിക സമരങ്ങളും
കേന്ദ്ര നയങ്ങൾ ജനമധ്യത്തിൽ തുറന്നുകാട്ടുന്നതിനായി ഫെബ്രുവരി 1 മുതൽ 15 വരെ സംസ്ഥാന വ്യാപകമായി മൂന്ന് മേഖലാ വാഹന ജാഥകൾ സംഘടിപ്പിക്കും. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഏക ഉപജീവനമാർഗമായ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രാദേശിക തലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയും, സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് - എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ഈ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയത്. ക്യാമ്പയിനുകൾ വൻ വിജയമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് എൽ.ഡി.എഫ് നേതൃത്വം ആഹ്വാനം ചെയ്തു.

