മന്ത്രി മുരളീധരനെ തള്ളി ദേവസ്വം ബോർഡ് എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് മാത്രം ഉദ്യോഗസ്ഥരെ മാറ്റിനിർത്താനാകില്ല എന്ന് കെ.ജയകുമാർ
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ വിവാദത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരനെ തള്ളി ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. വിജിലൻസ് ക്ലിയറൻസ് ഉള്ളവരെ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
മന്ത്രി മുരളീധരനെ തള്ളി ദേവസ്വം ബോർഡ്; 'എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് മാത്രം ഉദ്യോഗസ്ഥരെ മാറ്റിനിർത്താനാകില്ല' എന്ന് കെ.ജയകുമാർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ നിലപാട് തള്ളി ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു എന്ന കാരണത്താൽ മാത്രം ഉദ്യോഗസ്ഥരെ മാറ്റിനിർത്താൻ കഴിയില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിജിലൻസ് ക്ലിയറൻസ് ഇല്ലാത്ത ആരെയും സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ജയകുമാർ കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിയമിച്ച ബോർഡിന്റെ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിന് കത്ത് നൽകിയിരുന്നു. ഈ കത്ത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര ബോർഡ് യോഗത്തിന് ശേഷമാണ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. തർക്കങ്ങൾ പരിഹരിക്കാൻ 75 പേരിൽ 20 പേരുടെ നിയമനങ്ങളിൽ ഇന്ന് ചേർന്ന യോഗം ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഇതോടെ പരാതികൾ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥനെ വള്ളിയങ്കാവ് ക്ഷേത്രത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറാക്കി നിയമിച്ചതാണ് പ്രധാന വിവാദത്തിന് വഴിവെച്ചത്. നടപടി തിരുത്തിയില്ലെങ്കിൽ സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡിനും പങ്കുണ്ടെന്ന നിഗമനത്തിലേക്ക് സർക്കാർ പോകേണ്ടിവരുമെന്ന് മന്ത്രി തുറന്നടിച്ചിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ ജയകുമാർ പൂർണ്ണമായും നിഷേധിച്ചു. വള്ളിയങ്കാവിൽ നിയമിച്ച ഉദ്യോഗസ്ഥനെതിരെ ബോർഡിന്റെ ശ്രദ്ധയിൽ പ്രത്യേകിച്ച് ആരോപണങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. "അയാളെ എസ്ഐടി ചോദ്യം ചെയ്തു എന്നാണ് പറയുന്നത്. അതേപ്പറ്റി എനിക്കറിയില്ല. വിജിലൻസ് കേസുണ്ടെങ്കിൽ മന്ത്രി പറയുന്നത് ശരിയാണ്, എന്നാൽ നിലവിൽ അങ്ങനെയില്ല. ഈ ഓഫീസിൽ തന്നെ എത്രയോ പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ പരിഗണിച്ച്, കൃത്യമായി സമയമെടുത്ത് പരിശോധിച്ചാണ് ട്രാൻസ്ഫർ ലിസ്റ്റ് തയാറാക്കിയത്. ഇതിൽ യാതൊരുവിധ ജാഗ്രതക്കുറവും ഉണ്ടായിട്ടില്ല"– കെ. ജയകുമാർ വ്യക്തമാക്കി. അതേസമയം, എന്തെങ്കിലും തരത്തിലുള്ള കൃത്യമായ ആരോപണങ്ങൾ നിലവിലുണ്ടെങ്കിൽ അത് ഇപ്പഴും പരിശോധിക്കാൻ ബോർഡ് തയാറാണെന്നും അദ്ദേഹം അറിയിച്ചു.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
