കല്യാശ്ശേരിയിൽ 19,000 കള്ളവോട്ടുകൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമിച്ചെന്ന് യു.ഡി.എഫ്

കല്യാശ്ശേരി മണ്ഡലത്തിൽ സിപിഎം വ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തിയെന്നും തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

കല്യാശ്ശേരിയിൽ 19,000 കള്ളവോട്ടുകൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമിച്ചെന്ന് യു.ഡി.എഫ്
കല്യാശ്ശേരിയിൽ 19,000 കള്ളവോട്ടുകൾ; സിപിഎമ്മിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി രാജീവൻ കപ്പച്ചേരി

കണ്ണൂർ: കല്യാശ്ശേരി നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം വ്യാപകമായ ക്രമക്കേടുകളിലൂടെ പത്തൊമ്പതിനായിരത്തിലധികം വോട്ടുകൾ അന്യായമായി രേഖപ്പെടുത്തിയെന്ന് യുഡിഎഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരി. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

​തിരഞ്ഞെടുപ്പ് ദിവസം സിപിഎം സ്വാധീനമേഖലകളിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി പരാതിയിൽ വ്യക്തമാക്കുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളവർക്കായി ചെയ്യുന്ന 'കംപാനിയൻ വോട്ടുകൾ' ഒരു ബൂത്തിൽ 75 മുതൽ 150 വരെ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നാട്ടിലില്ലാത്തവരുടെ വോട്ടുകളും വ്യാപകമായി ചെയ്യപ്പെട്ടു. പോളിങ് സ്റ്റേഷനുകളിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും രേഖകളും പരിശോധിച്ചാൽ ഈ തട്ടിപ്പ് ബോധ്യപ്പെടുമെന്നും ഇതിനായി രേഖകൾ ആവശ്യപ്പെട്ട് കമ്മിഷനെ സമീപിച്ചിട്ടുണ്ടെന്നും രാജീവൻ കപ്പച്ചേരി പറഞ്ഞു.

​നാട്ടിലില്ലാത്തവരുടെ പട്ടിക ബിഎൽഒമാർ പോളിങ് ഓഫിസർമാർക്ക് നൽകിയിരുന്നെങ്കിലും, അന്യായ വോട്ടുകൾ തടയാൻ പല ഉദ്യോഗസ്ഥരും തയ്യാറായില്ല. കല്യാശ്ശേരി, കണ്ണപുരം, ഏഴോം, ചെറുതാഴം എന്നീ പഞ്ചായത്തുകളിലെ പോളിങ് സ്റ്റേഷനുകളിൽ നാമമാത്രമായ പൊലീസിനെ മാത്രം നിയോഗിച്ചപ്പോൾ, യുഡിഎഫ് കേന്ദ്രങ്ങളിൽ കൂടുതൽ കേന്ദ്രസേനയെയും പൊലീസിനെയും വിന്യസിച്ചതായും ആരോപണമുണ്ട്.

യുഡിഎഫ് ഏജന്റുമാരില്ലാത്ത 15 ബൂത്തുകളിൽ ഏകദേശം 200 ആൾമാറാട്ട വോട്ടുകൾ നടന്നു.

​ചെറുകുന്ന് പഞ്ചായത്തിലെ 119-ാം ബൂത്ത് സി.പി.എം നിയന്ത്രണത്തിലുള്ള സാംസ്കാരിക നിലയത്തിലാണ് പ്രവർത്തിച്ചത്. ഇവിടെ യാതൊരു വിധ അച്ചടക്കവുമില്ലാതെയാണ് വോട്ടിങ് നടന്നത്.

​സി.പി.എം സ്വാധീന കേന്ദ്രങ്ങളിൽ 80 മുതൽ 91 ശതമാനം വരെ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ ഐഡി കാർഡുകളുടെ പട്ടിക വിശദമായി പരിശോധിക്കണം.

​തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മും സ്ഥാനാർഥിയും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സുരേഷ്ബാബു എളയാവൂർ, യുഡിഎഫ് ഭാരവാഹികളായ എൻ.ജി. സുനിൽ പ്രകാശ്, എസ്.കെ.പി. സക്കരിയ്യ എന്നിവരും ആവശ്യപ്പെട്ടു.