പ്രതിയെ പിടിക്കാൻ അടിപ്പാവാടയും പൊക്കി നോക്കും ; തിരുവള്ളൂരിൽ വീട്ടമ്മമാർക്ക് നേരെ എസ്.ഐയുടെ അശ്ലീല പ്രയോഗം വൻ പ്രതിഷേധം

കോഴിക്കോട് തിരുവള്ളൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീട്ടിൽ പൊലീസിന്റെ അർദ്ധരാത്രി പരിശോധനയ്ക്കിടെ അസഭ്യവർഷം നടത്തിയതായി പരാതി. അശ്ലീല ചുവയോടെ സംസാരിച്ച എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കി.

പ്രതിയെ പിടിക്കാൻ അടിപ്പാവാടയും പൊക്കി നോക്കും ; തിരുവള്ളൂരിൽ വീട്ടമ്മമാർക്ക് നേരെ എസ്.ഐയുടെ അശ്ലീല പ്രയോഗം വൻ പ്രതിഷേധം
അടിപ്പാവാടയും പൊക്കി നോക്കും’; മുസ്ലിം ലീഗ് പ്രവർത്തകന്റെ വീട്ടിൽ പൊലീസിന്റെ അസഭ്യവർഷം, പ്രതിഷേധം

വടകര: രാഷ്ട്രീയ അക്രമക്കേസിലെ പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സ്ത്രീകൾക്ക് നേരെ അശ്ലീല പ്രയോഗം നടത്തിയതായി പരാതി. തിരുവള്ളൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ കുണ്ടാട്ടിൽ സിദ്ദിഖിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് അതിക്രമം നടന്നത്. പരിശോധന ചോദ്യം ചെയ്ത വീട്ടുകാരോടും നാട്ടുകാരോടും "പ്രതിയെ കണ്ടെത്താൻ അലമാരയും അരിപ്പാത്രവും മാത്രമല്ല, വേണ്ടിവന്നാൽ അടിപ്പാവാടയും തുറന്നു നോക്കും" എന്ന് എസ്.ഐ പറഞ്ഞതാണ് വിവാദമായത്.

​സിദ്ദിഖിന്റെ ഭാര്യ പ്രസവിച്ച് ഇരുപത് ദിവസം മാത്രം പിന്നിട്ട സമയത്തായിരുന്നു പൊലീസിന്റെ ഈ അതിക്രമം. ഒരു വനിതാ എസ്.ഐയും ഇരുപതോളം പൊലീസുകാരും ചേർന്നാണ് പരിശോധന നടത്തിയത്. വീടിനുള്ളിലെ ദൃശ്യങ്ങൾ പൊലീസ് മൊബൈലിൽ പകർത്തിയതായും ആക്ഷേപമുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ യു.ഡി.എഫ് പ്രവർത്തകർ പൊലീസിനെ തടഞ്ഞതോടെയാണ് സംഘം തിരച്ചിൽ അവസാനിപ്പിച്ചു മടങ്ങിയത്.

​സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറി മോശമായി സംസാരിച്ച ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എസ്.പി പി.കെ. ഫറാഷ് ഉറപ്പുനൽകിയതായും ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ വ്യക്തമാക്കി. എന്നാൽ വിവാദ പരാമർശം നടത്തിയ ഉദ്യോഗസ്ഥൻ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.