ബംഗാളിലെ സ്ത്രീകൾക്കായി മോദി ഗ്യാരന്റി സാമ്പത്തിക സഹായവും സുരക്ഷയും ഉറപ്പുനൽകി പ്രധാനമന്ത്രി
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പത്തിന ക്ഷേമപദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൃഷ്ണനഗറിൽ പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പത്തിന ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് സംസ്ഥാനത്തെ വോട്ടർമാരെ സ്വാധീനിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തിയത്. ബിജെപി ഭരണത്തിൽ വന്നാൽ ഒരു വർഷത്തിനുള്ളിൽ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 36,000 രൂപ നേരിട്ട് കൈമാറുമെന്നും പെൺകുട്ടികളുടെ ബിരുദ പഠനത്തിനായി 50,000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഗർഭിണികൾക്ക് 21,000 രൂപയും കുട്ടികളുടെ പോഷകാഹാരത്തിനായി 36,000 രൂപയും അധികമായി നൽകുന്നതിനൊപ്പം സുകന്യ സമൃദ്ധി യോജന വഴി പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീസുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഓരോ ബ്ലോക്കിലും വനിതാ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും വൻതോതിൽ വനിതകളെ സേനയിലേക്ക് നിയമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തൃണമൂൽ ഭരണത്തിന് കീഴിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കും അഴിമതിക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും. പഴയ ഫയലുകൾ വീണ്ടും തുറക്കുമെന്നും കുറ്റവാളികൾ എത്ര ഉന്നതരായാലും ജയിലിലടയ്ക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി. മുദ്ര പദ്ധതി വഴി സ്വയം തൊഴിലിനായി 20 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുമെന്നും ലക്ഷക്കണക്കിന് സ്ത്രീകളെ 'ലക്ഷപതി ദീദി'മാരാക്കി മാറ്റുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. പിഎം ആവാസ് യോജന പ്രകാരമുള്ള വീടുകൾ സ്ത്രീകളുടെ പേരിൽ റജിസ്റ്റർ ചെയ്യുമെന്നതും പ്രധാന പ്രഖ്യാപനമാണ്. സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഏഴാം ശമ്പള കമ്മിഷൻ നടപ്പിലാക്കുമെന്നും നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, തൃണമൂലിന്റെ ഭയപ്പെടുത്തുന്ന ഭരണത്തിന് പകരം വിശ്വാസത്തിന്റെ ഭരണം കൊണ്ടുവരുമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തു.