അധ്യാപകരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം മന്ത്രി എൻ. ഷംസുദ്ദീൻ
സംസ്ഥാനത്തെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻഗണന നൽകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. മലപ്പുറത്ത് ഡിജിറ്റൽ സ്ക്വയർ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്യാപകരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകി പരിഹാരം കാണും: മന്ത്രി എൻ. ഷംസുദ്ദീൻ
മലപ്പുറം: വര്‍ഷങ്ങളായി സംസ്ഥാനത്തെ അധ്യാപകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ വ്യക്തമാക്കി. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ 'ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകര്‍ക്ക് നിയമന അംഗീകാരം ലഭിക്കാത്തത്, ഭിന്നശേഷി നിയമനം തുടങ്ങിയ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സ്‌കൂളുകളുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രായോഗികമല്ലാത്ത നിബന്ധനകള്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും, ഇത് പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
സൈബര്‍ സുരക്ഷയെക്കുറിച്ച് കുട്ടികളില്‍ കൃത്യമായ അവബോധം ഉണ്ടാക്കുന്നതിനായി പ്രത്യേക സൈബര്‍ സുരക്ഷാ പ്രോട്ടോകോള്‍ നടപ്പിലാക്കും. കൂടാതെ, വിദ്യാര്‍ത്ഥികള്‍ ഓരോ ക്ലാസിലും പഠിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി ഗ്രഹിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും സജ്ജമാക്കും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള 16 പദ്ധതികളും നിശ്ചിത സമയത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കും.
കുട്ടികളുടെ എണ്ണക്കുറവ് മൂലം ഡിവിഷന്‍ ഫാള്‍ സംഭവിച്ച് അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍, അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 40 ആക്കുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. സംസ്ഥാനത്ത് 500 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കായികാധ്യാപകന്‍ എന്ന വ്യവസ്ഥ മാറ്റി, 300 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കായിക അധ്യാപകന്‍ എന്നാക്കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാര്‍ ഹാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലയില്‍ മാത്രം എന്‍.എം.എം.എസ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് 140 ആയി നിശ്ചയിച്ചത് പൊതുവിദ്യാഭ്യാസ വകുപ്പ് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് ജില്ലകളില്‍ ഇതിനേക്കാള്‍ കുറഞ്ഞ മാര്‍ക്കുള്ളവരെയും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയ്ക്ക് 60 പുതിയ ബാച്ചുകള്‍ അനുവദിച്ച സര്‍ക്കാരിന്റെ നടപടിയെയും അദ്ദേഹം അഭിനന്ദിച്ചു.