ഹൈസ്‌കൂളുകളിൽ എഐ റോബോട്ടിക്സ് വിപ്ലവവുമായി എറൈസ് മാർഗ്ഗരേഖ പുറത്തിറക്കി
കേരളത്തിലെ ഹൈസ്‌കൂളുകളിൽ എഐ, റോബോട്ടിക്സ് പഠനം വ്യാപിപ്പിക്കുന്ന എറൈസ് (ARISE) പദ്ധതിയുടെ മാർഗ്ഗരേഖ പ്രകാശനം ചെയ്തു. കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം.
ഹൈസ്‌കൂളുകളിൽ എഐ-റോബോട്ടിക്സ് വിപ്ലവവുമായി 'എറൈസ്' പദ്ധതി: മാർഗ്ഗരേഖ മന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഹൈസ്‌കൂളുകളിൽ എഐ, റോബോട്ടിക്സ് പഠനം പ്രായോഗികമാക്കുന്ന 'എറൈസ്' (ARISE - AI & Robotics Initiative for School Education) പദ്ധതിക്ക് തുടക്കമായി. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ മാർഗ്ഗരേഖ, ഹൈസ്‌കൂൾ പ്രഥമാധ്യപകരുടെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രകാശനം ചെയ്തു.
വിദ്യാഭ്യാസ വകുപ്പും കൈറ്റും (KITE) ചേർന്ന് നടപ്പിലാക്കുന്ന 16 പ്രധാന ഡിജിറ്റൽ പദ്ധതികളിൽ ഐ.ടി സാങ്കേതികവിദ്യക്ക് മുൻഗണന നൽകുന്ന നാല് പ്രധാന പദ്ധതികളിൽ ഒന്നാണ് എറൈസ്. അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ സജ്ജമാക്കി വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രായോഗിക പരിശീലനം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രോട്ടോട്ടൈപ്പുകൾ സ്വയം നിർമ്മിക്കാം
മൈക്രോകൺട്രോളർ ബോർഡുകൾ, വിവിധ തരം സെൻസറുകൾ, മോട്ടോറുകൾ എന്നിവയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ പദ്ധതി അവസരമൊരുക്കും. കാഴ്ചപരിമിതർക്കുള്ള സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക്, പാചകവാതക ചോർച്ച മുന്നറിയിപ്പ് നൽകുന്ന ഗ്യാസ് ഡിറ്റക്ടറുകൾ, ഫെയ്‌സ് റെക്കഗ്നിഷൻ സംവിധാനമുള്ള എ.ഐ സ്മാർട്ട് ഡോർ ലോക്കുകൾ തുടങ്ങിയവയുടെ പ്രോട്ടോട്ടൈപ്പുകൾ നിർമ്മിക്കാൻ 'എറൈസ് ഹബ്ബുകൾ' വഴി വിദ്യാർത്ഥികളെ പ്രാപ്തരാക്കും.
മറ്റു പ്രമുഖ ഡിജിറ്റൽ പദ്ധതികൾ:
സ്കൂൾതലത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഫലപ്രദമായി വിനിയോഗിക്കണമെന്ന് മന്ത്രി യോഗത്തിൽ ഓർമ്മിപ്പിച്ചു. എറൈസ് പദ്ധതിക്ക് പുറമെ താഴെ പറയുന്ന പ്രധാന പദ്ധതികളുടെ പ്രാധാന്യവും യോഗത്തിൽ ചർച്ചയായി:
ഡിജിറ്റൽ സ്‌ക്വയർ: പ്രൈമറി വിഭാഗം ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ സ്വയം പഠനത്തിനും 'ഡിജിറ്റൽ ഡിവൈഡ്' ഇല്ലാതാക്കുന്നതിനുമുള്ള ഡിജിറ്റൽ പഠന സൗകര്യം.
താരാപഥം: കുട്ടികളുടെ അക്കാദമിക് പുരോഗതി കൃത്യമായി നിരീക്ഷിക്കാനും രക്ഷിതാക്കൾക്ക് വിവരങ്ങൾ നൽകാനും പിന്നാക്കം പോകുന്ന കുട്ടികൾക്ക് പരിഹാര ബോധനം ഉറപ്പാക്കാനുമുള്ള അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോം.
സ്‌കൂൾ വിക്കിത്തോൺ: വിക്യപീഡിയ മാതൃകയിൽ സ്കൂളുകളുടെ വിവരങ്ങളും മികവുകളും പങ്കുവെക്കുന്ന സ്കൂൾവിക്ക് അപ്‌ഡേഷൻ പ്രചാരണം.
സൈബർ സെക്യൂരിറ്റി പ്രോട്ടോകോൾ: സ്കൂളുകളിൽ അടിയന്തരമായി നടപ്പിലാക്കേണ്ട ഡിജിറ്റൽ സുരക്ഷാ മാർഗ്ഗരേഖ.
ഓൺലൈനായി നടന്ന ശില്പശാലയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽകുമാർ സിങ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, ജില്ലാ കോർഡിനേറ്റർ മുഹമ്മദ് ഷെരീഫ് കെ. തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

