എച്ച് ടി 5
ശരത്ത് സന്ദിത്തിന്റെ എച്ച് ടി 5ചിത്രീകരണം കല്ലേലി ഫോറസ്റ്റിൽ ആരംഭിച്ചു അഭിമന്യു തിലകും സമ്പത്ത് രാജും പ്രധാന വേഷങ്ങളിൽ
ശരത്ത് സന്ദിത്തിന്റെ 'എച്ച്.ടി.5' ചിത്രീകരണം കല്ലേലി ഫോറസ്റ്റിൽ ആരംഭിച്ചു; അഭിമന്യു തിലകും സമ്പത്ത് രാജും പ്രധാന വേഷങ്ങളിൽ
കോന്നി: 'പരോൾ' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത പരസ്യചിത്ര സംവിധായകൻ ശരത്ത് സന്ദിത് സംവിധാനം ചെയ്യുന്ന 'എച്ച്.ടി.5' (H.T.5) എന്ന ചിത്രത്തിന്റെ ചിത്രീകരണം കല്ലേലി ഫോറസ്റ്റിൽ ആരംഭിച്ചു. നർമ്മത്തിനും ഉദ്വേഗത്തിനും പ്രാധാന്യം നൽകുന്ന ഒരു മുഴുനീള റോഡ് മൂവിയാണിത്. ഡൊവിൻസ് എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ആന്റണി ഡിക്രൂസ്, കീത്ത് ആന്റണി ഡിക്രൂസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അപരിചിതരായ അഞ്ച് വ്യക്തികൾ ഒരു രാത്രിയിൽ വനാന്തരങ്ങളിലൂടെ നടത്തുന്ന അവിചാരിത യാത്രയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ശാന്തമായി തുടങ്ങുന്ന യാത്ര പിന്നീട് ആകാംക്ഷയും സംഘർഷവും നിറഞ്ഞ വഴിത്തിരിവുകളിലേക്ക് മാറുന്നു.
'മാർക്കോ'യിലൂടെ ശ്രദ്ധേയനായ അഭിമന്യു തിലക്, തെന്നിന്ത്യൻ താരം സമ്പത്ത് രാജ്, രാഹുൽ മാധവ്, സുധീർ കരമന എന്നിവരാണ് പ്രധാന വേഷങ്ങളിൽ. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സാൻഡ്രിയ ഈ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നു. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബാംഗമാണ് വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയായ സാൻഡ്രിയ.
അഡ്വ. ഇർഫാൻ കമാൽ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് 'ജില്ല', 'കാസനോവ' തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന ഗണേഷ് രാജ്‌വേൽ ആണ്. എൽവിൻ ജോഷ്വയാണ് സംഗീതം. കോന്നി, തെന്മല, അച്ചൻകോവിൽ, പൊൻമുടി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാകും.

