ജയലളിതയുടെ വേദനിലയം ജപ്തി ഭീഷണിയിൽ 20 കോടി നികുതി കുടിശിക
നികുതി കുടിശിക അടച്ചില്ലെങ്കിൽ ജയലളിതയുടെ വേദനിലയം അടക്കമുള്ള സ്വത്തുക്കൾ ജപ്തി ചെയ്യുമെന്ന് ആദായനികുതി വകുപ്പ് ഹൈക്കോടതിയിൽ.
ജയലളിതയുടെ ‘വേദനിലയം’ ജപ്തി ഭീഷണിയിൽ; 20 കോടി രൂപ കുടിശിക അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും
ചെന്നൈ: ആദായനികുതി കുടിശിക അടച്ചുതീർത്തില്ലെങ്കിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ പോയസ് ഗാർഡനിലെ ‘വേദനിലയം’ ഉൾപ്പെടെയുള്ള സ്വത്തുക്കൾ ജപ്തി ചെയ്യുമെന്ന് ആദായനികുതി വകുപ്പ്. മദ്രാസ് ഹൈക്കോടതിയിലാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിതയുടെ അനന്തരാവകാശിയായ സഹോദരപുത്രി ജെ. ദീപ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ആദായനികുതി വകുപ്പിന്റെ കർശന നിലപാട്.
കുടിശികയും പലിശയും ഉൾപ്പെടെ ഏകദേശം 20 കോടി രൂപയാണ് ദീപയും സഹോദരൻ ദീപക്കും ചേർന്ന് ഒടുക്കാനുള്ളത്. ജയലളിതയുടെ സ്വത്തുക്കളുടെ മൊത്തം മൂല്യം 600 കോടി രൂപയിലധികം വരുമെന്നാണ് കണക്കാക്കുന്നത്.
നടപടികൾ ഇങ്ങനെ:
നികുതി കുടിശിക ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് അയച്ച നോട്ടിസിലെ തുകയിലെ വൈരുദ്ധ്യം ചോദ്യം ചെയ്താണ് ദീപ കോടതിയെ സമീപിച്ചത്. ആദ്യം 36 കോടി രൂപ ആവശ്യപ്പെട്ട വകുപ്പ് പിന്നീട് അത് 13 കോടിയായി കുറച്ചിരുന്നു. തുക സംബന്ധിച്ച വ്യക്തത വേണമെന്നാണ് ദീപയുടെ വാദം. എന്നാൽ, നിയമപരമായ അവകാശിയായി അംഗീകരിക്കപ്പെട്ട ദീപക് ഇതിനകം 1.17 കോടി രൂപ അടച്ചിട്ടുണ്ടെന്നും ബാക്കി തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ജപ്തി നടപടികളിലേക്ക് നീങ്ങുമെന്നും ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചു.
കേസിൽ ദീപയുടെ വിശദമായ വാദം ഈ മാസം 18-ന് കോടതി വീണ്ടും കേൾക്കും.

