കേന്ദ്ര ധനമന്ത്രിയുടെ എഐ വിഡിയോ കാണിച്ച് 67 ലക്ഷത്തിന്റെ ഓഹരി തട്ടിപ്പ് കണ്ണൂർ സ്വദേശികളായ രണ്ടുപേർ കൊച്ചിയിൽ പിടിയിൽ
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വ്യാജ എഐ വിഡിയോ കാണിച്ച് കുമ്പളം സ്വദേശിയായ വനിതാ ഡോക്ടറിൽ നിന്ന് 67 ലക്ഷം രൂപ തട്ടിയ കേസിൽ കണ്ണൂർ സ്വദേശികളായ രണ്ട് പേരെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു
കേന്ദ്ര ധനമന്ത്രിയുടെ എഐ വിഡിയോ കാണിച്ച് 67 ലക്ഷത്തിന്റെ ഓഹരി തട്ടിപ്പ്; കണ്ണൂർ സ്വദേശികളായ രണ്ടുപേർ കൊച്ചിയിൽ പിടിയിൽ
കൊച്ചി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വ്യാജ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പേർ പനങ്ങാട് പൊലീസിന്റെ പിടിയിലായി. കുമ്പളം സ്വദേശിയായ വനിതാ ഡോക്ടറിൽ നിന്ന് 67 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശി ബൽക്കിസ് മൻസിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ (35), കൂത്തുപറമ്പ് മവ്വേരി സ്വദേശി യാഫ മൻസിൽ വീട്ടിൽ അർഷാദ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിക്ഷേപിക്കുന്ന തുകയ്ക്ക് മൂന്ന് മാസം കൊണ്ട് മൂന്നിരട്ടി ലാഭം വാഗ്ദാനം ചെയ്യുന്ന ഫെയ്‌സ്ബുക്ക് പരസ്യം വഴിയാണ് വനിതാ ഡോക്ടർ തട്ടിപ്പിൽ അകപ്പെട്ടത്. പരസ്യത്തിലെ ലിങ്കിൽ പ്രവേശിച്ചപ്പോൾ ‘ക്ലയിന്റ് 9 Pro’ (Client 9 Pro) എന്ന വെബ്‌സൈറ്റിലേക്കാണ് എത്തിയത്. തുടർന്ന് തട്ടിപ്പുകാർ നൽകിയ മറ്റൊരു ലിങ്ക് വഴി ഡോക്ടർ പണം കൈമാറുകയായിരുന്നു.
കൂടാതെ, പ്രതികളുടെ ഉടമസ്ഥതയിൽ കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന 'ഡിജിറ്റ് കോം ഐടി സൊല്യൂഷൻസ്' (Digit Com IT Solutions) എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കും ഡോക്ടറെക്കൊണ്ട് പണം നിക്ഷേപിപ്പിച്ചു. ഈ വർഷം ജനുവരി മുതൽ വിവിധ ഘട്ടങ്ങളിലായി 67 ലക്ഷം രൂപയോളമാണ് ഡോക്ടറുടെ വിവിധ അക്കൗണ്ടുകളിൽ നിന്ന് തട്ടിപ്പുസംഘം കൈക്കലാക്കിയത്. എന്നാൽ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടതും കഴിഞ്ഞ മാർച്ച് മാസം ഡോക്ടർ പനങ്ങാട് പൊലീസിൽ പരാതി നൽകിയതും.
പിടിയിലായ പ്രതികൾക്കെതിരെ കേരളത്തിന് പുറമെ കർണാടക, മിസോറാം എന്നീ സംസ്ഥാനങ്ങളിലും സമാനമായ നിരവധി ഓൺലൈൻ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പനങ്ങാട് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള മരട് ഇൻസ്‌പെക്ടർ അബ്ദുൽ മനാഫ് അറിയിച്ചു. ഈ വൻകിട തട്ടിപ്പ് ശൃംഖലയിൽ ഉൾപ്പെട്ട മൂന്ന് ഉത്തരേന്ത്യൻ സ്വദേശികൾ നിലവിൽ ഹരിയാന, തീഹാർ ജയിലുകളിൽ മറ്റ് കേസുകളിൽ റിമാൻഡിൽ കഴിഞ്ഞുവരികയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.