ട്രെയിനിൽ തനിച്ചായ 21 കുട്ടികൾക്ക് രക്ഷകരായി ആലുവ ഡി.സി.ആർ.ബി ഉദ്യോഗസ്ഥർ

ട്രെയിനിൽ തനിച്ചായ 21 കുട്ടികൾക്ക് രക്ഷകരായി ആലുവ ഡി.സി.ആർ.ബി ഉദ്യോഗസ്ഥർ ഒഡീഷയിൽ നിന്ന് പാലക്കാട് എത്തിച്ച സംഘം പിടിയിൽ

ട്രെയിനിൽ തനിച്ചായ 21 കുട്ടികൾക്ക് രക്ഷകരായി ആലുവ ഡി.സി.ആർ.ബി ഉദ്യോഗസ്ഥർ
സുബീഷ് (കണ്ണട ), മജീഷ് (മധ്യം) സുജിത് ലാൽ

ട്രെയിനിൽ തനിച്ചായ 21 കുട്ടികൾക്ക് രക്ഷകരായി ആലുവ ഡി.സി.ആർ.ബി ഉദ്യോഗസ്ഥർ; ഒഡീഷയിൽ നിന്ന് പാലക്കാട് എത്തിച്ച സംഘം പിടിയിൽ

​ആലുവ: ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം എത്തിച്ച 21 കുട്ടികളെ എറണാകുളം റൂറൽ പോലീസിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കേസന്വേഷണത്തിന്റെ ഭാഗമായി ഒഡീഷയിൽ പോയി മടങ്ങുകയായിരുന്ന സി.പി.ഒ മാരായ ടി.എസ്. സുബീഷ് (പുത്തൻവേലിക്കര), കെ.എം. മജീഷ് (കൂത്താട്ടുകുളം), പി.എസ്. സുജിത്ത് ലാൽ (മുനമ്പം) എന്നിവരുടെ ശ്രദ്ധയിൽപ്പെട്ട വിവരങ്ങളാണ് വലിയൊരു രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കിയത്.

​സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ഭുവനേശ്വറിൽ നിന്നും വിവേക് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥർ, തങ്ങളുടെ സീറ്റിന് സമീപം 10 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾ കൂട്ടമായി ഇരിക്കുന്നത് ശ്രദ്ധിച്ചു. മുതിർന്നവർ ആരുമില്ലാതെ സ്വന്തം കൈവശമുള്ള പണം ഉപയോഗിച്ച് കുട്ടികൾ ഭക്ഷണം വാങ്ങുന്നത് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരോട് കാര്യങ്ങൾ തിരക്കി. ബിഹാറിൽ നിന്നുള്ളവരാണെന്നും സ്കൂളിൽ പോകാറില്ലെന്നും പറഞ്ഞ കുട്ടികൾ, ട്രെയിനിലെ മറ്റ് ബോഗികളിലും തങ്ങളെപ്പോലെ കുട്ടികൾ ഉണ്ടെന്നും രണ്ടുപേർ തങ്ങളെ നിയന്ത്രിക്കാനുണ്ടെന്നും വെളിപ്പെടുത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് ഇവർ ഇറങ്ങേണ്ടിയിരുന്നത്.

​തുടർന്ന് ഉദ്യോഗസ്ഥർ കുട്ടികളുടെയും കൂടെയുള്ളവരുടെയും ചിത്രങ്ങൾ രഹസ്യമായി പകർത്തി എറണാകുളം റൂറൽ എസ്.എസ്.ബിയിലെ സബ് ഇൻസ്പെക്ടർ ഷാനിനെ വിവരം അറിയിച്ചു. ഷാൻ ഉടൻ തന്നെ പാലക്കാട് എസ്.എസ്.ബിയുമായി ബന്ധപ്പെടുകയും ട്രെയിൻ വിവരങ്ങൾ കൈമാറുകയും ചെയ്തു.

​ഞായറാഴ്ച (11-ാം തീയതി) ട്രെയിൻ പാലക്കാട് എത്തിയപ്പോൾ വിവരമറിഞ്ഞെത്തിയ റെയിൽവേ പോലീസും റൂറൽ ജില്ലയിലെ ഉദ്യോഗസ്ഥരും ചേർന്ന് കുട്ടികളെയും കൂടെയുണ്ടായിരുന്നവരെയും തടഞ്ഞു. ഇവരുടെ കൈവശമുണ്ടായിരുന്ന രേഖകൾ അപൂർണ്ണമായതിനാലും മൊഴികളിലെ വൈരുദ്ധ്യം കാരണവും കുട്ടികളെ പാലക്കാട് പോലീസ് സംരക്ഷണയിലാക്കി. സംഭവത്തിൽ കുട്ടികളെ കടത്തിക്കൊണ്ടുവന്നതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.