മായയുടെ മനസ്സ് തൊട്ട് മന്ത്രി സാഹിത്യ പുരസ്കാരം വീട്ടിലെത്തി സമ്മാനിക്കും

35 വർഷമായി തളർന്നു കിടപ്പിലായ എഴുത്തുകാരി മായ ബാലകൃഷ്ണന് സാമൂഹ്യനീതി വകുപ്പിന്റെ സാഹിത്യ പുരസ്കാരം മന്ത്രി ആർ. ബിന്ദു വീട്ടിലെത്തി സമ്മാനിക്കും.

മായയുടെ മനസ്സ് തൊട്ട് മന്ത്രി സാഹിത്യ പുരസ്കാരം വീട്ടിലെത്തി സമ്മാനിക്കും
മായയുടെ മനസ്സ് തൊട്ട് മന്ത്രി; സാഹിത്യ പുരസ്കാരം ഇന്ന് വീട്ടിലെത്തി സമ്മാനിക്കും

മായയുടെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം; അവാർഡ് നൽകാൻ മന്ത്രി ബിന്ദു വീട്ടിലെത്തും

​അങ്കമാലി: തളരാത്ത മനക്കരുത്തുമായി സാഹിത്യലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ മായ ബാലകൃഷ്ണന് അർഹിച്ച അംഗീകാരം ഇന്ന് വീട്ടിലെത്തും. സാമൂഹ്യനീതി വകുപ്പിന്റെ സാഹിത്യ പുരസ്കാരം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നാളെ  (ഫെബ്രുവരി 7) രാവിലെ 9.30-ന് അങ്കമാലി നായത്തോട് സ്വദേശിയായ മായയുടെ വീട്ടിലെത്തി സമ്മാനിക്കും.

​റുമാറ്റോയിഡ് ആർത്രൈറ്റിസ് ബാധിച്ച് കഴിഞ്ഞ 35 വർഷമായി അരയ്ക്കു താഴെ തളർന്ന് കിടപ്പിലായ മായയുടെ 'മണ്ണാങ്കട്ടയും കരിയിലയും' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ ജനുവരി 21-ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മായയ്ക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

​തുടർന്ന്, അങ്കമാലിയിലോ സമീപപ്രദേശങ്ങളിലോ നടക്കുന്ന ഏതെങ്കിലും ചടങ്ങിൽ വെച്ച് അവാർഡ് സ്വീകരിക്കാൻ താല്പര്യമുണ്ടെന്ന് കാട്ടി മായ മന്ത്രിക്ക് കത്തെഴുതിയിരുന്നു. മായയുടെ സാഹചര്യം പരിഗണിച്ച മന്ത്രി, പ്രോട്ടോക്കോളുകൾ മാറ്റിവെച്ച് അവാർഡ് ജേതാവിന്റെ വീട്ടിൽ നേരിട്ടെത്തി പുരസ്കാരം നൽകാൻ തീരുമാനിക്കുകയായിരുന്നു.

​അൻപത്തിയഞ്ചുകാരിയായ മായ പ്രതിസന്ധികൾക്കിടയിലും സാഹിത്യരംഗത്ത് സജീവമാണ്. 'തുടികൊട്ട്', 'നിഷ്കാസിതയുടെ ആരൂഢം' എന്നീ കവിതാ സമാഹാരങ്ങളും, 'വെള്ളപ്പൊക്കത്തിലെ പൂച്ച' എന്ന ബാലസാഹിത്യ കൃതിയും, 'മായക്കാലം', 'വിരലിൽ വിരിയുന്ന മായ' എന്നീ ആത്മകഥാംശമുള്ള പുസ്തകങ്ങളും മായ രചിച്ചിട്ടുണ്ട്.