പുഴാതി സ്കൂളിന് പുതിയ കെട്ടിടം മന്ത്രി എൻ. ഷംസുദ്ദീൻ
സ്ഥലപരിമിതി നേരിടുന്ന പുഴാതി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഭൂമി ലഭ്യമാക്കിയാൽ പുതിയ കെട്ടിടം നിർമ്മിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ ഹൈസ്കൂൾ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുഴാതി സ്കൂളിന്റെ സ്ഥലപരിമിതിക്ക് പരിഹാരം കാണും: ഭൂമി ലഭിച്ചാൽ കെട്ടിടം നിർമ്മിക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
കണ്ണൂർ: സ്ഥലപരിമിതി നേരിടുന്ന പുഴാതി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കോർപ്പറേഷൻ നേതൃത്വത്തിൽ ഭൂമി കണ്ടെത്തി വാങ്ങി നൽകിയാൽ കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് നിർമ്മിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കിഫ്ബിയിൽ 1.3 കോടി രൂപ ചെലവഴിച്ച് സ്കൂളിൽ നിർമ്മിച്ച പുതിയ ഹൈസ്കൂൾ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്ഥാപനങ്ങൾക്ക് സ്കൂളുകളുടെ ചുമതല ലഭിച്ചതിനുശേഷം അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മാറുന്ന കാലത്തിനനുസരിച്ചുള്ള ആധുനിക സൗകര്യങ്ങൾ സർക്കാർ വിദ്യാലയങ്ങളിൽ ഒരുക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ സ്ഥലമില്ലാത്തത് ഗൗരവമുള്ള വിഷയമാണെന്നും അത് പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപ്പറേഷൻ മേയർ പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സോന ജയറാം, വി.കെ. മുഹമ്മദാലി, വാർഡ് കൗൺസിലർമാരായ കെ. ശ്രീജ, സുബൈർ കിച്ചിരി, കെ. ഉഷാകുമാരി, സി.കെ. ഷബീർ, ഡി.ഡി.ഇ. ഷൈനി ഡി., ഡി.ഇ.ഒ. ദീപ വി., സ്കൂൾ പ്രിൻസിപ്പാൾ ടി. തസ്നീം, പ്രധാനാധ്യാപിക പി.പി. റിമ, അസിസ്റ്റന്റ് എൻജിനീയർ കെ.ആർ. ജ്യോതിഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.