വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് സ്നേഹിത പോക്കറ്റ് കാർഡ്
കണ്ണൂരിൽ വിദ്യാർത്ഥികൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ പോക്കറ്റ് കാർഡ് പ്രകാശനം ചെയ്തു. ഹെൽപ്ലൈൻ നമ്പറുകളും സുരക്ഷാ വിവരങ്ങളും അടങ്ങിയതാണ് കാർഡ്.
കണ്ണൂരിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി 'സ്നേഹിത പോക്കറ്റ് കാർഡ്' പ്രകാശനം ചെയ്തു
കണ്ണൂർ: വിദ്യാർത്ഥികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതവും സമയബന്ധിതവുമായി സഹായം ലഭ്യമാക്കുന്നതിനായി സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 'സ്നേഹിത പോക്കറ്റ് കാർഡ്' പ്രകാശനം ചെയ്തു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി. വി. വിജയ ഭാരത് റെഡ്ഡി ചടങ്ങിൽ ജില്ലാതല പ്രകാശനം നിർവഹിച്ചു.
വിദ്യാർത്ഥികൾക്കിടയിൽ സ്ത്രീശിശു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സ്നേഹിത സേവനങ്ങൾ, സ്ത്രീശിശു സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന ഹെൽപ്ലൈൻ നമ്പറുകൾ, മറ്റ് അത്യാവശ്യ എമർജൻസി കോൺടാക്ട് നമ്പറുകൾ എന്നിവ ഈ പോക്കറ്റ് കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും സഹായം തേടാൻ ആവശ്യമായ വിവരങ്ങൾ എപ്പോഴും കൈവശം സൂക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആദ്യഘട്ടത്തിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ മോഡൽ ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ പരിധിയിൽ വരുന്ന സ്കൂളുകളിലെ ജെൻഡർ ക്ലബ് അംഗങ്ങൾക്കും സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് വിദ്യാർത്ഥികൾക്കുമാണ് കാർഡ് വിതരണം ചെയ്യുന്നത്. തുടർന്ന് ജില്ലയിലെ മറ്റ് സ്കൂൾ വിദ്യാർത്ഥികളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിൽ സിറ്റി സ്റ്റുഡൻ്റ് പോലീസ് അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ കെ. രാജേഷ്, സിറ്റി പോലീസ് ജനമൈത്രി അഡീഷണൽ നോഡൽ ഓഫീസർ വിജേഷ് സി., അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ അമർജ്യോത് എം., ജെൻഡർ ഡി.പി.എം ഇൻ ചാർജ് സന്ധ്യ പി.വി., സ്നേഹിത സ്റ്റാഫ് ബിബിത കെ. എന്നിവർ സന്നിഹിതരായിരുന്നു.