മൂവാറ്റുപുഴ നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെ വൻ കൈയ്യാങ്കളി

മൂവാറ്റുപുഴ നഗരസഭയിൽ കേന്ദ്ര ഫണ്ട് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുള്ള കൈയ്യാങ്കളിയിൽ കലാശിച്ചു

മൂവാറ്റുപുഴ നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെ വൻ കൈയ്യാങ്കളി
മൂവാറ്റുപുഴ നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെ വൻ കൈയ്യാങ്കളി എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ ആശുപത്രിയിൽ

മൂവാറ്റുപുഴ നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെ വൻ കൈയ്യാങ്കളി; എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ ആശുപത്രിയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ കേന്ദ്ര ഫണ്ട് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുള്ള കൈയ്യാങ്കളിയിൽ കലാശിച്ചു. അടിയന്തരമായി വിളിച്ചുചേർത്ത നഗരസഭാ കൗൺസിൽ യോഗത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംഘർഷത്തെ തുടർന്ന് ഇരുവിഭാഗത്തിലുമുള്ള കൗൺസിലർമാർ ആശുപത്രിയിൽ ചികിത്സ തേടി.

​യുഡിഎഫ് വാർഡ് അംഗങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിച്ചുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷമായ എൽഡിഎഫ് കൗൺസിലർമാർ യോഗത്തിൽ പ്രതിഷേധമുയർത്തിയത്. വഞ്ചനാപരമായ നിലപാടാണ് ഭരണസമിതി സ്വീകരിക്കുന്നതെന്ന് ആരോപിച്ചുള്ള പ്രതിഷേധം പിന്നീട് കടുത്ത വാക്കുതർക്കത്തിലേക്കും കയ്യങ്കളിയിലേക്കും വഴിമാറുകയായിരുന്നു.

​തുടർന്ന് നഗരസഭാ അധ്യക്ഷ ജോയ്സ് മേരി ആന്റണിയുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവരെ പുറത്തേക്ക് കടക്കാൻ അനുവദിക്കാതെയായിരുന്നു ഉപരോധം. താനൊരു സ്ത്രീയാണെന്നും തടഞ്ഞുവെച്ചാൽ കേസ് കൊടുക്കുമെന്നും ജോയ്സ് മേരി ആന്റണി മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിപക്ഷം പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല.

​ഒടുവിൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് എൽഡിഎഫ് അംഗങ്ങളെ സ്ഥലത്തുനിന്ന് പിടിച്ചുമാറ്റിയത്. സംഭവത്തിൽ പോലീസിനെതിരെയും പ്രതിപക്ഷം പ്രതിഷേധമുയർത്തി. പരിക്കേറ്റ ഇരുവിഭാഗത്തിലെയും അംഗങ്ങൾ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്.