അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് സുരക്ഷ തൊഴിലിടങ്ങളിൽ ക്രെഷുകൾ നിർബന്ധം നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് കളക്ടർ ജി. പ്രിയങ്ക
അമ്പതോ അതിലധികമോ അതിഥി ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും നിർബന്ധമായും ക്രെഷ് (ശിശുപരിപാലന കേന്ദ്രം) സൗകര്യം ഏർപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദ്ദേശിച്ചു. മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി
തൊഴിലിടങ്ങളിൽ ക്രെഷുകൾ നിർബന്ധമാക്കണം; കർശന നടപടിയുമായി ജില്ലാ കളക്ടർ
കൊച്ചി: അതിഥി തൊഴിലാളികളായ അമ്മമാർക്കും കുട്ടികൾക്കും ആശ്വാസമേകുന്ന നിർണ്ണായക നിർദ്ദേശങ്ങളുമായി ജില്ലാ കളക്ടർ ജി. പ്രിയങ്ക. അമ്പതോ അതിലധികമോ അതിഥി ജീവനക്കാരുള്ള ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും നിർബന്ധമായും ക്രെഷ് (ശിശുപരിപാലന കേന്ദ്രം) സൗകര്യം ഏർപ്പെടുത്തണമെന്ന് വിഷയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ ജില്ലാ കളക്ടർ ഉത്തരവിട്ടു.
തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അവരുടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായാണ് നിയമം ലക്ഷ്യമിടുന്നത്. നിലവിലുള്ള മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാൻ എല്ലാ സംഘടനകളും, തൊഴിൽദായകരും തയ്യാറാകണമെന്ന് കളക്ടർ ഓർമ്മിപ്പിച്ചു. 50-ൽ അധികം തൊഴിലാളികളുള്ള തൊഴിലിടങ്ങളിൽ ക്രെഷുകൾ നിർബന്ധമാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. നിയമപ്രകാരമുള്ള ഈ സൗകര്യങ്ങൾ ഒരുക്കാൻ വിമുഖത കാണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജയന്തി പി നായർ, ജില്ലാ ലേബർ ഓഫീസർ (ജനറൽ) എം. ജയശ്രീ എന്നിവരും മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വരും ദിവസങ്ങളിൽ തൊഴിലിടങ്ങളിൽ ഇത് സംബന്ധിച്ച് പരിശോധനകൾ കർശനമാക്കാനാണ് ഉദ്യോഗസ്ഥതല തീരുമാനം