അശ്വമേധം 7.0

കുഷ്ഠരോഗം നേരത്തെയുള്ള രോഗനിർണ്ണയം പ്രധാനം അശ്വമേധം 7.0ക്യാമ്പയിന് തുടക്കമായി ​

അശ്വമേധം 7.0
അശ്വമേധം 7.0 കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം

കുഷ്ഠരോഗം: നേരത്തെയുള്ള രോഗനിർണ്ണയം പ്രധാനം; 'അശ്വമേധം 7.0' ക്യാമ്പയിന് തുടക്കമായി

​കൊച്ചി: കുഷ്ഠരോഗം മൂലമുള്ള അംഗവൈകല്യങ്ങൾ തടയുന്നതിനും രോഗപകർച്ച ഒഴിവാക്കുന്നതിനും നേരത്തെയുള്ള രോഗനിർണ്ണയം അത്യന്താപേക്ഷിതമാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക. കുഷ്ഠരോഗം ആർക്കും വരാവുന്നതാണെന്നും കൃത്യസമയത്തെ ചികിത്സയിലൂടെ ഇത് പൂർണ്ണമായും ഭേദമാക്കാമെന്നും കളക്ടർ ഓർമ്മിപ്പിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ 'അശ്വമേധം 7.0' കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

​കുഷ്ഠരോഗ നിവാരണം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 7 മുതൽ 20 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പരിശീലനം ലഭിച്ച ഒരു ആശാ പ്രവർത്തകയും പുരുഷ വോളണ്ടിയറും അടങ്ങുന്ന 2415 ടീമുകൾ ജില്ലയിലെ വീടുകളിലെത്തി പ്രാഥമിക ത്വക്ക് പരിശോധന നടത്തും.

​ചടങ്ങിനോടനുബന്ധിച്ച് ആശാ പ്രവർത്തകരും നഴ്സിംഗ് വിദ്യാർത്ഥികളും ബോധവത്കരണ സ്കിറ്റ്, ഫ്ലാഷ് മോബ്, എക്സിബിഷൻ എന്നിവ അവതരിപ്പിച്ചു. പോസ്റ്റർ രചനാ മത്സരത്തിൽ ശുചീന്ദ്ര സ്കൂൾ ഓഫ് നഴ്സിംഗ് ഒന്നാം സ്ഥാനവും, സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ് (പള്ളുരുത്തി) രണ്ടാം സ്ഥാനവും, എറണാകുളം ഗവ. സ്കൂൾ ഓഫ് നഴ്സിംഗ് മൂന്നാം സ്ഥാനവും നേടി.

​ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ. ഷീജ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡീഷണൽ ഡി.എം.ഒമാരായ ഡോ. കെ.ആർ. വിദ്യ, ഡോ. കെ.കെ. ആശ, ആർ.സി.എച്ച് ഓഫീസർ ഡോ. രശ്മി എം.എസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ തുടങ്ങിയവർ പങ്കെടുത്തു.