കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം അന്വേഷണം രാഷ്ട്രീയ സിനിമാ ബന്ധങ്ങളിലേക്ക്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ പുറത്ത്.

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം അന്വേഷണം രാഷ്ട്രീയ സിനിമാ ബന്ധങ്ങളിലേക്ക്
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം അന്വേഷണം രാഷ്ട്രീയ സിനിമാ ബന്ധങ്ങളിലേക്ക്

​സി.ജെ. റോയിയുടെ മരണം: നിക്ഷേപകരുടെ സമ്മർദവും ആദായനികുതി പരിശോധനയും അന്വേഷണ നിഴലിൽ

​കൊച്ചി/ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ആറുമാസമായി അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. സാമ്പത്തിക ബാധ്യതകൾ ഇല്ലായിരുന്നിട്ടും, ദുബായിലെയും കേരളത്തിലെയും റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ പ്രവർത്തകരിൽ നിന്നും സ്വീകരിച്ച നിക്ഷേപങ്ങൾ തിരിച്ചുചോദിച്ചു തുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

​കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയന്ന് നിക്ഷേപകർ പണം പിൻവലിക്കാൻ സമ്മർദം ചെലുത്തിയതും, പല ഇടപാടുകളുടെയും കൃത്യമായ സ്രോതസ്സ് വെളിപ്പെടുത്താൻ കഴിയാത്തതും റോയിയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതായി സംശയിക്കുന്നു. ഗ്രൂപ്പ് ആസ്ഥാനത്തുനിന്ന് നിക്ഷേപകരുടെ വിവരങ്ങൾ അടങ്ങിയ ഡയറിക്കുറിപ്പുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, ഇവ മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്നല്ലാത്തതിനാൽ 'ആത്മഹത്യക്കുറിപ്പായി' ഔദ്യോഗികമായി കണക്കാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

​ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മരണം നടന്നതെങ്കിലും, ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണകാരണമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. വരും ദിവസങ്ങളിൽ റോയിയുടെ ഭാര്യ ലിനി റോയ്, സഹോദരൻ സി.ജെ. ബാബു, എംഡി ടി.എ. ജോസഫ് എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.