റോഡ് സുരക്ഷയ്ക്ക് എറണാകുളത്ത് സോഷ്യൽ കൊളോക്യം

കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സുരക്ഷയ്ക്കായി ഒന്നിക്കാം എന്ന സന്ദേശമുയർത്തി എറണാകുളം കളമശ്ശേരി എസ്.സി.എം.എസ് ക്യാമ്പസിൽ സോഷ്യൽ കൊളോക്യം സംഘടിപ്പിച്ചു.

റോഡ് സുരക്ഷയ്ക്ക് എറണാകുളത്ത് സോഷ്യൽ കൊളോക്യം
'സുരക്ഷയ്ക്കായി ഒന്നിക്കാം' സോഷ്യൽ കൊളോക്യം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ജി. സജി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

റോഡ് സുരക്ഷ ശക്തമാക്കാൻ 'സോഷ്യൽ കൊളോക്യം': അന്താരാഷ്ട്ര സമ്മേളനത്തിന് മുന്നോടിയായി കളമശ്ശേരിയിൽ ശിൽപ്പശാല സംഘടിപ്പിച്ചു

എറണാകുളം: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുജന പങ്കാളിത്തവും നൂതന ആശയങ്ങളും പങ്കുവെച്ചുകൊണ്ട് 'സുരക്ഷയ്ക്കായി ഒന്നിക്കാം' സോഷ്യൽ കൊളോക്യം സംഘടിപ്പിച്ചു. എറണാകുളം കളമശ്ശേരി എസ്.സി.എം.എസ് (SCMS) ക്യാമ്പസിൽ നടന്ന ശിൽപ്പശാല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ജി. സജി പ്രസാദ് ഉദ്ഘാടനം ചെയ്തു.

​കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് (KMVD), എസ്.ഐ.ആർ.എസ്.ടി (SIRST), ഐ.ആർ.എഫ് (IRF) ഇന്ത്യ ചാപ്റ്റർ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വരുന്ന നവംബർ 12, 13 തിയതികളിൽ നടക്കുന്ന 'ഐ സി - സേഫ് 2026' അന്താരാഷ്ട്ര റോഡ് സുരക്ഷാ സമ്മേളനത്തിന് മുന്നോടിയായാണ് ഈ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.

​പരസ്പരം കുറ്റപ്പെടുത്തലുകൾക്ക് അപ്പുറം റോഡ് സുരക്ഷയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുക എന്ന സന്ദേശമാണ് കൊളോക്യം മുന്നോട്ടുവെച്ചത്. സമൂഹത്തിലെ പ്രധാനപ്പെട്ട പത്ത് വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു വിശദമായ ഗ്രൂപ്പ് ചർച്ചകൾ നടന്നത്:

​കാൽനട യാത്രക്കാർ

​സൈക്കിൾ യാത്രക്കാർ

​സ്ത്രീകൾ

​മുതിർന്ന പൗരന്മാർ

​ഇരുചക്രവാഹന യാത്രികർ

​വിദ്യാർത്ഥികൾ

​ഫോർ-വീലർ ഡ്രൈവർമാർ

​ബസ് ഓപ്പറേറ്റർമാർ

​ടാക്സി ഡ്രൈവർമാർ

​ചരക്ക് വാഹന / കെ.എസ്.ആർ.ടി.സി ജീവനക്കാർ

​ഈ പത്ത് വിഭാഗങ്ങളും ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളികളും അവയ്ക്കുള്ള വ്യാപ്തിയുള്ള പരിഹാരമാർഗ്ഗങ്ങളും ഗ്രൂപ്പ് ചർച്ചകളിൽ സമർപ്പിച്ചു. ചർച്ചകളിൽ നിന്ന് ശേഖരിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് കേരള റോഡ് സേഫ്റ്റി അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു.

​ചടങ്ങിൽ എറണാകുളം ആർ.ടി.ഒ (എൻഫോഴ്സ്‌മെന്റ്) ബിജു ഐസക് അധ്യക്ഷത വഹിച്ചു. എസ്.സി.എം.എസ് ഗ്രൂപ്പ് ഡയറക്ടർ പ്രതീക് നായർ മുഖ്യപ്രഭാഷണം നടത്തി. എൻഫോഴ്‌സ്മെൻ്റ് എം.വി.ഐ വിനോദ് കുമാർ, എസ്.ഐ.ആർ.എസ്.ടി ഡയറക്ടർ ആദർശ് കുമാർ ജി. നായർ, ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.