വിനോദയാത്ര ദുരന്തമായി കിഴക്കമ്പലത്ത് പാർക്കിലെ വെള്ളച്ചാലിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു
കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂൾ വിദ്യാർത്ഥി മുഹമ്മദ് ആദം വെള്ളച്ചാലിൽ വീണു മരിച്ചു.
കിഴക്കമ്പലം: കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ സ്‌കൂൾ വിനോദയാത്രയ്‌ക്കെത്തിയ അഞ്ചു വയസുകാരൻ വെള്ളച്ചാലിൽ വീണു മരിച്ചു. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകൻ മുഹമ്മദ് ആദം ആണ് മരിച്ചത്. കൊച്ചിയിലെ പ്രമുഖ പ്രീ-സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു അപകടം. സ്കൂളിന്റെ പാലാരിവട്ടം, മാമല കേന്ദ്രങ്ങളിൽ നിന്നുള്ള 25 കുട്ടികളാണ് അധ്യാപകർക്കൊപ്പം പാർക്കിലെത്തിയത്. സംസാരവൈകല്യമുള്ള ആദത്തിന്റെ പഠനത്തിനായി മാതാവും മുത്തശ്ശിയും തമ്മനത്ത് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. കുട്ടിക്ക് പ്രത്യേക ശ്രദ്ധ ആവശ്യമായതിനാൽ ഒരു അധ്യാപികയുടെ സംരക്ഷണയിലായിരുന്നു ആദം.
ഭക്ഷണം കഴിക്കുന്നതിനായി കുട്ടികളെ മുറിയിലേക്ക് മാറ്റുന്നതിനിടെ മറ്റൊരു കുട്ടി ഓടിപ്പോയപ്പോൾ, ആദത്തെ മുറിയിൽ നിർത്തി അധ്യാപിക ആ കുട്ടിയുടെ പിന്നാലെ പോയി. തിരികെ വന്ന് ഭക്ഷണം നൽകി കഴിഞ്ഞ് എണ്ണമെടുത്തപ്പോഴാണ് ആദത്തെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പാർക്കിന്റെ പിന്നിലുള്ള വെള്ളച്ചാലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബോട്ട് സവാരിക്കായി പുതുതായി നിർമ്മിച്ച വെള്ളച്ചാലിൽ വീണാണ് അപകടം നടന്നത്. പാർക്കിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നുവോ എന്ന് തടിയിട്ടപറമ്പ് പൊലീസ് അന്വേഷിച്ചുവരികയാണ്. വിദേശത്തുള്ള പിതാവിനെ വിവരമറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.