മൂവാറ്റുപുഴ മണ്ണാൻകടവ് തോട് മലിനീകരണം നഗരസഭയുടെ അവഗണനക്കെതിരെ സിപിഐ(എം) പ്രതിഷേധം

മൂവാറ്റുപുഴ നഗരസഭയിലെ മണ്ണാൻകടവ് തോട് മലിനീകരണത്തിനെതിരെയും കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കാത്തതിനെതിരെയും നഗരസഭാ അധികൃതർക്ക് കടുത്ത മുന്നറിയിപ്പുമായി സിപിഐ(എം) മൂവാറ്റുപുഴ ഏരിയ കമ്മിറ്റി.

മൂവാറ്റുപുഴ മണ്ണാൻകടവ് തോട് മലിനീകരണം നഗരസഭയുടെ അവഗണനക്കെതിരെ സിപിഐ(എം) പ്രതിഷേധം
മണ്ണാൻകടവ് തോട് ശുചീകരിക്കണം: നഗരസഭയുടെ അനാസ്ഥക്കെതിരെ അനീഷ് എം. മാത്യു

​മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ 18-ാം വാർഡിലൂടെ ഒഴുകുന്ന മണ്ണാൻകടവ് തോട് മാലിന്യമുക്തമാക്കണമെന്നും മൂവാറ്റുപുഴ ആറിനെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കണമെന്നും സിപിഐ(എം) മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

​ജനസാന്ദ്രതയേറിയ പേട്ട പ്രദേശത്തിലൂടെ കടന്നുപോകുന്ന മണ്ണാൻകടവ് തോട്ടിലേക്ക് മനുഷ്യവിസർജ്ജ്യമടക്കമുള്ള മലിനജലം ഒഴുക്കിവിടുന്നത് പതിവായിരിക്കുകയാണ്. ഇത് പ്രദേശത്ത് അസഹനീയമായ ദുർഗന്ധത്തിനും പകർച്ചവ്യാധി ഭീഷണിക്കും കാരണമാകുന്നു. സമീപത്തെ അങ്കണവാടിയിലെ കുട്ടികളും വഴിയാത്രക്കാരും ഇതുമൂലം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. തോട്ടിലെ മാലിന്യം നേരിട്ട് മൂവാറ്റുപുഴ ആറിലേക്ക് എത്തുന്നതോടെ ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സും വലിയ ഭീഷണിയിലാണ്.

​വർഷങ്ങളായി നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് സിപിഐ(എം) കുറ്റപ്പെടുത്തി. കഴിഞ്ഞ കൗൺസിലിന്റെ കാലത്തും നിലവിലെ യുഡിഎഫ് കൗൺസിലിന് മുൻപാകെയും ഈ വിഷയം ഉന്നയിച്ചിരുന്നു. എറണാകുളം ജില്ലാ കളക്ടർക്ക് പരാതി നൽകുകയും പ്രദേശത്ത് ഒരു സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (STP) സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

​മണ്ണാൻകടവ് തോട് ശുചീകരിച്ച് മൂവാറ്റുപുഴ ആറിനെയും കുടിവെള്ള സ്രോതസ്സുകളെയും സംരക്ഷിക്കാൻ നഗരസഭാ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ(എം) ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു ആവശ്യപ്പെട്ടു.