മൂവാറ്റുപുഴയിൽ എംഎൽഎയുടെ വീട്ടിൽ മോഷണം

മൂവാറ്റുപുഴ എംഎൽഎയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് കേബിളുകൾ മോഷ്ടിച്ച കേസിൽ പശ്ചിമബംഗാൾ സ്വദേശിയായ യുവാവ് മണിക്കൂറുകൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായി

മൂവാറ്റുപുഴയിൽ എംഎൽഎയുടെ വീട്ടിൽ മോഷണം
പശ്ചിമബംഗാൾ മുർഷിദാബാദ് റാണി നഗർ ചർമുൻസിപാറ സ്വദേശി ബിഷ്ണു മണ്ഡൽ (24)

​മൂവാറ്റുപുഴ എംഎൽഎയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; മണിക്കൂറുകൾക്കുള്ളിൽ പ്രതി വലയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎൽഎ  മാത്യു കുഴൽനാടൻ്റ പോത്താനിക്കാട് സ്റ്റേഷൻ പരിധിയിലുള്ള മടത്തോത്തുപാറയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് കേബിളുകൾ മോഷ്ടിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. പശ്ചിമബംഗാൾ മുർഷിദാബാദ് റാണി നഗർ ചർമുൻസിപാറ സ്വദേശി ബിഷ്ണു മണ്ഡൽ (24) നെയാണ് കല്ലൂർക്കാട് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

​അരലക്ഷത്തോളം രൂപ വിലവരുന്ന വയറിംഗ് കേബിളുകളാണ് പ്രതി മുറിച്ചുകടത്തിയത്. മൂവാറ്റുപുഴ കൊച്ചങ്ങാടി ഭാഗത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

​പൈങ്ങോട്ടൂർ, പോത്താനിക്കാട്, ബസ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ 25-ലധികം സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പകൽ സമയം മുറിയിൽ കിടന്നുറങ്ങുകയും വൈകുന്നേരങ്ങളിൽ പുറത്തിറങ്ങി നിർമ്മാണം നടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുകയുമായിരുന്നു ഇയാളുടെ രീതി.

​മോഷണം, ലഹരി ഉപയോഗം, ആർഭാട ജീവിതം എന്നിവയ്ക്ക വേണ്ടിയാണ് ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നത്. നേരത്തെ മൂവാറ്റുപുഴ കാവിലെ ജനറേറ്റർ കേബിൾ, ബിഎസ്എൻഎൽ കെട്ടിടത്തിലെ ചെമ്പ് വയറുകൾ എന്നിവ മോഷ്ടിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ ഒന്നരമാസം മുമ്പാണ് പുറത്തിറങ്ങിയത്.

​മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ മേൽനോട്ടത്തിൽ കല്ലൂർക്കാട് സിഐ സിബി തോമസ്, പോത്താനിക്കാട് എസ്ഐമാരായ സി.ആർ. രഞ്ജു മോൾ, സിജു ജോസഫ്, പി.വി. എൽദോസ്, കെ.കെ. ബിജു, നിജു കെ. ഭാസ്കർ, സീനിയർ സിപിഒ ബിബിൽ മോഹൻ, സിപിഒ നിയാസുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.