ഓപറേഷൻ തൂഫാൻ ഇന്ത്യ കണ്ട ഏറ്റവും വലിയ നാർക്കോ ഹണ്ട് മന്ത്രി രമേശ് ചെന്നിത്തല
ലഹരിക്കേസിൽ ആരുൾപ്പെട്ടാലും കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരള പൊലീസ് സംസ്ഥാന സ്‌പോർട്‌സ് മീറ്റിന്റെ ഭാഗമായി കോഴിക്കോട്ട് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപറേഷൻ തൂഫാൻ ഇന്ത്യ കണ്ട ഏറ്റവും വലിയ നാർക്കോ ഹണ്ട്: മന്ത്രി രമേശ് ചെന്നിത്തല
കോഴിക്കോട്: ഇന്ത്യ കണ്ട ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് 'ഓപറേഷൻ തൂഫാൻ' എന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതിന്റെ സ്വാധീനം വളർന്നിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരള പൊലീസ് സംസ്ഥാന അത്‌ലറ്റിക് ആന്‍ഡ് ഗെയിംസ് മീറ്റിന്റെ പ്രചാരണാർഥം 'ഓപറേഷൻ തൂഫാൻ’ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച ദീപശിഖ പ്രയാണ സ്വീകരണവും മാരത്തോൺ റാലിയും കോഴിക്കോട് ബീച്ച് ഓപൺ സ്റ്റേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'യെസ് ടു സ്‌പോർട്‌സ് നോ ടു ഡ്രഗ്‌സ്' എന്ന സന്ദേശത്തിലായിരുന്നു പരിപാടി. ലഹരിക്കേസിൽ ആരുൾപ്പെട്ടാലും വിലങ്ങ് വീഴുമെന്നും, അവർക്കുവേണ്ടിയുള്ള ഒരു ശിപാർശയും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തലമുറകളെ നശിപ്പിക്കുന്ന ലഹരി മാഫിയയെ തൂത്തെറിയാൻ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞ, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം എന്നിവ നടന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തിയ മലപ്പുറം പൊലീസ് സംഘത്തിനുള്ള ഉപഹാര സമർപ്പണവും മന്ത്രി നിർവഹിച്ചു.
അഡ്വ. കെ. ജയന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ ഒ. സദാശിവൻ, എം.എൽ.എമാരായ എം.എ. റസാഖ് മാസ്റ്റർ, അഡ്വ. കെ. പ്രവീൺ കുമാർ, നോർത്ത് സോൺ ഐ.ജിയും ഓപറേഷൻ തൂഫാൻ സംസ്ഥാന നോഡൽ ഓഫീസറുമായ പുട്ട വിമലാദിത്യ, ഡി.ഐ.ജി കാർത്തിക്, സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലി, ഡെപ്യൂട്ടി പൊലീസ് കമീഷണർ പദംസിങ്, കോർപറേഷൻ കൗൺസിലർ സഫറി വെള്ളയിൽ, പി.വി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
നേരത്തെ കോരപ്പുഴ പാലത്തിന് സമീപത്തുനിന്ന് ദീപശിഖ പ്രയാണത്തെ സ്വീകരിക്കുകയും ഗാന്ധി റോഡ് ജങ്ഷനിൽ നിന്ന് ബാൻഡ് വാദ്യം, ശിങ്കാരിമേളം, മാർച്ച് പാസ്റ്റ് എന്നിവയുടെ അകമ്പടിയോടെ ബീച്ചിലെ വേദിയിലേക്ക് ആനയിക്കുകയും ചെയ്തു. എം.കെ. രാഘവൻ എം.പി, വിദ്യ ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി തുടങ്ങിയവരും പരിപാടികളിൽ പങ്കാളികളായി.