മുൻ സിപിഐ എംഎൽഎ കെ. അജിത്തും റോബിൻ രാധാകൃഷ്ണനും ബിജെപിയിൽ ചേർന്നു
വൈക്കം മുൻ എംഎൽഎ കെ. അജിത്തും ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇരുവരും അംഗത്വം സ്വീകരിച്ചു.
മുൻ വൈക്കം എംഎൽഎ കെ. അജിത്തും റോബിൻ രാധാകൃഷ്ണനും ബിജെപിയിൽ ചേർന്നു
തിരുവനന്തപുരം: മുതിർന്ന സിപിഐ നേതാവും മുൻ വൈക്കം എംഎൽഎയുമായ കെ. അജിത്ത് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം അംഗത്വം ഏറ്റുവാങ്ങിയത്. പ്രമുഖ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ഇതോടൊപ്പം ബിജെപിയിൽ ചേർന്നു.
2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൈക്കം മണ്ഡലത്തിൽ നിന്നും വിജയിച്ച കെ. അജിത്ത്, സിപിഐയുടെ പ്രമുഖ ദളിത് മുഖമായിരുന്നു. പാർട്ടി ജില്ലാ കൗൺസിൽ അംഗമായും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു വരികയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ദളിത് വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ സർക്കാരിനോ പ്രതിപക്ഷത്തിനോ സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"ഇതൊരു പെട്ടെന്നെടുത്ത തീരുമാനമല്ല. ദളിത് വിഭാഗങ്ങൾ നേരിടുന്ന അവഗണനയിൽ ആറുമാസം മുമ്പ് തന്നെ സിപിഐ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്," കെ. അജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, എൻഡിഎ ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.

