മൂവാറ്റുപുഴ നഗരസഭ ബജറ്റ് 2026 27 വികസന പദ്ധതികൾ പ്രഖ്യാപിച്ചു തട്ടിക്കൂട്ട് ബജറ്റെന്ന് ആരോപിച്ച് എൽ.ഡി.എഫ് ബഹിഷ്കരിച്ചു

മൂവാറ്റുപുഴ നഗരസഭയുടെ 2026 27 ബജറ്റ് അവതരണത്തിനിടെ നാടകീയ രംഗങ്ങൾ. വികസന വാഗ്ദാനങ്ങൾക്കിടെ ഭരണസമിതിയുടെ ഇരട്ടത്താപ്പ് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

മൂവാറ്റുപുഴ നഗരസഭ ബജറ്റ് 2026 27 വികസന പദ്ധതികൾ പ്രഖ്യാപിച്ചു തട്ടിക്കൂട്ട് ബജറ്റെന്ന് ആരോപിച്ച് എൽ.ഡി.എഫ് ബഹിഷ്കരിച്ചു
മൂവാറ്റുപുഴ നഗരസഭ ബജറ്റ് 2026 27 വികസന പദ്ധതികൾ പ്രഖ്യാപിച്ചു

മൂവാറ്റുപുഴ: നഗരത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള മൂവാറ്റുപുഴ നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 62,44,87,813 രൂപ വരവും 51,96,96,647 രൂപ ചെലവും 10,47,91,166 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർപേഴ്സൺ പി.എം. അബ്ദുൾ സലാം ആണ് അവതരിപ്പിച്ചത്. നഗരസഭാധ്യക്ഷ ജോയ്‌സ് മേരി ആന്റണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസൗന്ദര്യവൽക്കരണം, ആധുനിക പാർക്കിംഗ് സൗകര്യങ്ങൾ, മാലിന്യ സംസ്കരണം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ബജറ്റിൽ നദീതീരങ്ങളിൽ നടപ്പാതകളും വിനോദസഞ്ചാര കേന്ദ്രങ്ങളും നിർമ്മിക്കാൻ തുക വകയിരുത്തിയിട്ടുണ്ട്.

​എന്നാൽ, ബജറ്റ് വെറും 'തട്ടിക്കൂട്ട്' ആണെന്നും പ്രായോഗികമല്ലാത്ത കാര്യങ്ങളാണ് ഇതിലുള്ളതെന്നും ആരോപിച്ച് പ്രതിപക്ഷമായ എൽ.ഡി.എഫ് കൗൺസിലർമാർ ചർച്ചാ യോഗം ബഹിഷ്കരിച്ചു. ചൊവ്വാഴ്ച നടന്ന യോഗത്തിൽ നിന്ന് എൽ.ഡി.എഫിന്റെ 7 കൗൺസിലർമാരാണ് ഇറങ്ങിപ്പോയി നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധിച്ചത്. കിഫ്ബിയെ രാഷ്ട്രീയമായി എതിർക്കുകയും എന്നാൽ അതേ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളെ സ്വന്തം നേട്ടമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഭരണാധികാരികളുടെ ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് മജീദ് മങ്ങാടൻ ആരോപിച്ചു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനായുള്ള ഫണ്ട് വിനിയോഗിച്ചില്ലെന്നും ക്രിമിറ്റോറിയം രണ്ടാം ഘട്ടം, ദുരന്ത നിവാരണം, ഫയർഫോഴ്സ് മന്ദിരം എന്നിവയെക്കുറിച്ച് ബജറ്റിൽ പരാമർശമില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സജി ടി.എ, റബിൻസ് ടി, രജനി സജീവ്, കിഷോ‌ർ എൻ.എം, ജയ സുകു, അബിളി ബിജു എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

​വികസന പദ്ധതികളിൽ പ്രധാനമായി 30 കോടി രൂപയുടെ 'ഗ്രീൻ പാർക്ക്', 50 ലക്ഷം രൂപയുടെ 'സ്നേഹ സമുച്ചയം' ഭവന പദ്ധതി, സ്ത്രീക്ഷേമത്തിനായി 25 ലക്ഷം രൂപ എന്നിവ ഉൾപ്പെടുന്നു. പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ 40 ലക്ഷം രൂപയും ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേക സൗകര്യങ്ങളും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. 'സ്മാർട്ട് അസറ്റ് മിഷൻ' (SAM) വഴി നഗരസഭയുടെ ആസ്തികൾ മെച്ചപ്പെടുത്താനും ആധുനിക ടൗൺഹാൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. കൂടാതെ കൃഷി വികസനത്തിനായി പത്തൊമ്പതര ലക്ഷം രൂപയും ശുചിത്വ പ്രവർത്തനങ്ങൾക്കായി 92 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ലഹരിമുക്ത നഗരം, സുരക്ഷിത നഗരം തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള മിഷൻ പദ്ധതികളും ബജറ്റിന്റെ ഭാഗമാണ്.