അനന്യ 2026 ഫാഷൻ ഷോ
വസ്ത്രധാരണത്തിലും സ്വയംപര്യാപ്തത നിപ്മറിലെ കുട്ടികളുടെ അനന്യ 2026 ഫാഷൻ ഷോ ശ്രദ്ധേയമായി
വസ്ത്രധാരണത്തിലും സ്വയംപര്യാപ്തത; നിപ്മറിലെ കുട്ടികളുടെ 'അനന്യ - 2026' ഫാഷൻ ഷോ ശ്രദ്ധേയമായി
കൊച്ചി: ഭിന്നശേഷിക്കാർക്ക് വസ്ത്രധാരണത്തിൽ സ്വയംപര്യാപ്തത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'അനന്യ - 2026' ഫാഷൻ ഷോ ശ്രദ്ധേയമായി. കല്ലേറ്റുംകര നിപ്മറും (NIPMR) എറണാകുളം സെന്റ് തെരേസാസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ടി.ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിയുള്ളവർ നേരിടുന്ന വസ്ത്രധാരണത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച 'അഡാപ്റ്റ്-എൻ-ഫിറ്റ്' (Adapt-N-Fit) പദ്ധതിയുടെ പ്രചാരണാർത്ഥമാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. ഓട്ടിസം, സെറിബ്രൽ പാൾസി ബാധിതരായ 17 കുട്ടികൾ വേദിയിൽ ചുവടുവെച്ചു. പൊതുസമൂഹം പിന്തുടരുന്ന വസ്ത്രരീതികൾ പലപ്പോഴും ഭിന്നശേഷിക്കാർക്ക് പ്രായോഗികമായ വെല്ലുവിളികൾ ഉയർത്താറുണ്ട്. ഇതിന് പരിഹാരമായി സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിങ് വിഭാഗമാണ് കുട്ടികൾക്കായി പ്രത്യേക വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത്.
സെന്റ് തെരേസാസ് ഡയറക്ടർ സിസ്റ്റർ ടെസ്സ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ടി.കെ. അബ്ബാസ് അലി മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ ഫ്രാൻസിസ് ആൻ, കോളേജ് പ്രിൻസിപ്പൽ അനു ജോസഫ്, ഫാഷൻ ഡിസൈനിങ് വിഭാഗം മേധാവി സുപ്രിയ ദാമോദരൻ, മധുമിത എന്നിവർ സംസാരിച്ചു.

