കൊച്ചിൻ ഹനീഫാസ് എബി മൻസിൽ യാഥാർത്ഥ്യമായി
അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് കൊച്ചി വെണ്ണലയിൽ പുതിയ വീടൊരുങ്ങി. 16 വർഷത്തെ വാടകവീട്ടുവാസത്തിന് ശേഷമാണ് ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ യാഥാർത്ഥ്യമായത്.
കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തം വീട്; 'കൊച്ചിൻ ഹനീഫാസ് എബി മൻസിൽ' യാഥാർത്ഥ്യമായി
കൊച്ചി: മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് ഒടുവിൽ സ്വന്തം വീടൊരുങ്ങി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം കഴിഞ്ഞ പതിനാറ് വർഷമായി വാടക വീട്ടിലായിരുന്നു ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സഫയും മർവയും കഴിഞ്ഞിരുന്നത്. കൊച്ചി വെണ്ണല അംബേദ്കർ റോഡിൽ നിർമ്മിച്ച പുതിയ വീടിന് ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്നാണ് പേരിട്ടിരിക്കുന്നത്.
പിതാവ് എബി മുഹമ്മദിന്റെ പേരിലായിരിക്കണം തന്റെ വീട് എന്നതായിരുന്നു കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹം. അഞ്ച് ബെഡ്‌റൂമുകളും മനോഹരമായ ഇന്റീരിയറുമുള്ള മൂന്ന് നില വീട്ടിൽ പ്രിയ നടന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. മക്കളായ സഫയും മർവയും ചേർന്നാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. കൊച്ചിൻ ഹനീഫ വിട്ടുപിരിയുമ്പോൾ മക്കൾക്ക് നാല് വയസ്സ് മാത്രമായിരുന്നു പ്രായം. തലശ്ശേരിക്കാരിയായ ഫാസില, ബന്ധുക്കൾ നിർബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാെതെ കൊച്ചിയിൽ തന്നെ തുടരുകയായിരുന്നു.
ഹനീഫയുടെ മരണശേഷം കുടുംബത്തിന് വലിയ താങ്ങായത് നടൻ ദിലീപ് ആയിരുന്നു. ആരുടെ മുന്നിലും കൈനീട്ടാത്ത കൊച്ചിൻ ഹനീഫയുടെ സ്വഭാവം അറിയാമായിരുന്ന ദിലീപ്, കുടുംബത്തിന് സ്ഥിരവരുമാനം ഉറപ്പാക്കാനായി ഹനീഫയുടെ ഇന്നോവ കാർ തന്റെ സിനിമ സെറ്റുകളിൽ ഓടാൻ അവസരം ഒരുക്കി നൽകി. ഒന്നോ രണ്ടോ മാസമല്ല, പതിനാറു വർഷത്തോളമാണ് ദിലീപ് ഈ സഹായം തുടർന്നത്.
ചില നിയമപരമായ തടസ്സങ്ങൾ കാരണം ഹനീഫയുടെ സ്വത്ത് സമ്പാദ്യങ്ങൾ ലഭിക്കാൻ വൈകിയിരുന്നു. എന്നാൽ മക്കൾക്ക് പതിനെട്ട് വയസായതോടെ നിയമകുരുക്കുകൾ ഒഴിഞ്ഞു കിട്ടുകയും, ഒടുവിൽ അദ്ദേഹത്തിന്റെ സ്വന്തം സമ്പാദ്യം കൊണ്ട് തന്നെ ആഗ്രഹിച്ചതുപോലെ വീട് നിർമ്മിക്കാൻ സാധിക്കുകയായിരുന്നു എന്ന് കുടുംബം വ്യക്തമാക്കി. "ഹനീഫ്ക്ക വലിയ അഭിമാനിയാണ്, ആരുടെ മുന്നിലും തലകുനിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടാണ് എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സ്വന്തം സമ്പാദ്യം കൊണ്ട് തന്നെ വീട് നിർമ്മിക്കാൻ പതിനാറ് വർഷം കാത്തിരുന്നത്," എന്ന് ഫാസില മാധ്യമങ്ങളോട് പറഞ്ഞു.