​പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത് 16 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

പെയിന്റ് ബക്കറ്റുകളിൽ ഒളിപ്പിച്ച് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 16.356 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ എറണാകുളം എക്സൈസ് കാക്കനാട്ടേക്ക് പിടി കൂടി.

​പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത് 16 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ
ബംഗാൾ ബാടൂറിയ സ്വദേശി രാജ മണ്ഡൽ (30), സാഗർപ്പാറ സ്വദേശി രാഹുൽ (24)

പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്: 16 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ കാക്കനാട്ട് എക്സൈസ് പിടിയിൽ

കൊച്ചി: കാണുമ്പോൾ സാധാരണ പെയിന്റ് ബക്കറ്റ്, എന്നാൽ ഉള്ളിൽ പ്രത്യേക രീതിയിൽ ഒളിപ്പിച്ച നിലയിൽ കിലോക്കണക്കിന് കഞ്ചാവ്. പെയിന്റ് ബക്കറ്റുകളിൽ കഞ്ചാവ് കടത്തിയ രണ്ട് ബംഗാൾ സ്വദേശികളെ എറണാകുളം എക്സൈസ് റേഞ്ച് സംഘം പിടികൂടി. ബംഗാൾ ബാടൂറിയ സ്വദേശി രാജ മണ്ഡൽ (30), സാഗർപ്പാറ സ്വദേശി രാഹുൽ (24) എന്നിവരാണ് കാക്കനാട്ടെ വാടകമുറിയിൽ നിന്ന് പിടിയിലായത്. ഇവരിൽ നിന്ന് 16.356 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.

​എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജ് ആറിന്റെ നേതൃത്വത്തിൽ രാത്രി 1.30ഓടെ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പെയിന്റ് ബക്കറ്റുകളിൽ പ്രത്യേക രീതിയിൽ കംപ്രസ് ചെയ്ത്, പശ ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു കഞ്ചാവ്. എട്ടു കിലോ വീതം രണ്ട് ബക്കറ്റുകളിലാക്കി ട്രെയിൻ മാർഗമാണ് ഇവർ ഇത് കേരളത്തിലെത്തിച്ചത്. വാടകമുറിയിൽ നിന്ന് മുൻപും സമാനരീതിയിൽ കടത്തിന് ഉപയോഗിച്ച നിരവധി ബക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.

​ലാഭം 50 മടങ്ങ്; ഒഡീഷ ലഹരി മാഫിയക്ക് പങ്കെന്ന് സൂചന

​ഒഡീഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരി മാഫിയ തലവനാണ് ഈ കടത്തിന് പിന്നിലെന്നാണ് എക്സൈസിന് ലഭിച്ച വിവരം. 1500 മുതൽ 2000 രൂപ വരെ മാത്രം വിലയുള്ള കഞ്ചാവ് കേരളത്തിൽ എത്തിച്ച് വിൽക്കുമ്പോൾ കിലോയ്ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഇവർ ഉണ്ടാക്കുന്നത്. ഒരു കിലോ കഞ്ചാവ് 5 ഗ്രാം വീതമുള്ള 200 പാക്കറ്റുകളാക്കി, ഒരു പാക്കറ്റിന് 500 രൂപ നിരക്കിൽ ചില്ലറ വിൽപ്പനക്കാർക്ക് നൽകുന്നു. ഇതിലൂടെ രണ്ട്–മൂന്ന് ആഴ്ചയ്ക്കുള്ളിൽ 50 മടങ്ങിലധികം ലാഭമാണ് മാഫിയ കൊയ്യുന്നത്.

​എസി ത്രീ ടയർ സൗജന്യ ടിക്കറ്റും 20,000 രൂപയും നൽകിയാണ് ഏജന്റുമാർ പ്രതികളെ കേരളത്തിലേക്ക് അയച്ചിരുന്നത്. ഒരു തവണ കഞ്ചാവ് എത്തിച്ച് മടങ്ങുമ്പോൾ 25,000 രൂപ പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു. കൃത്യമായ ലൊക്കേഷൻ നൽകി സാധനം എത്തിച്ച ശേഷം അന്നേ ദിവസം തന്നെ മടങ്ങുന്നതാണ് ഇവരുടെ രീതി. പിടിയിലായാൽ പണം നൽകി പുറത്തിറക്കാമെന്ന ഉറപ്പിലാണ് മാഫിയ ഇവരെ ഉപയോഗിക്കുന്നത്. ലഹരി കടത്തിന്റെ പ്രധാന കണ്ണികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.