ചെല്ലാനം ടെട്രാപോഡ് പദ്ധതി ഒന്നാം ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു 751 കോടിയുടെ തീരസംരക്ഷണത്തിന് തുടക്കം
ചെല്ലാനത്തെ കടൽക്ഷോഭത്തിന് ശാശ്വത പരിഹാരമായി 751 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. രണ്ടാം ഘട്ട നിർമ്മാണത്തിന് തുടക്കമായി.
ചെല്ലാനത്തിന് ഇനി കടൽഭിത്തിയുടെ സുരക്ഷ; 751 കോടിയുടെ തീരസംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കൊച്ചി: നവകേരളം എന്നത് കേവലമൊരു സങ്കൽപ്പമല്ലെന്നും അത് യാത്ഥാർഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചെല്ലാനം ടെട്രാപോഡ് തീരസംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപനവും രണ്ടാം ഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ സ്പർശം എല്ലാ പ്രദേശങ്ങളിലും എത്തുമ്പോഴാണ് നവകേരളം പൂർണ്ണമാകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
തീരദേശത്തെ പ്രധാന 'ഹോട്ട് സ്പോട്ടായി' കരുതിയിരുന്ന ചെല്ലാനത്ത് അതിനൂതനമായ ടെട്രാപോഡ് സാങ്കേതികവിദ്യയാണ് നടപ്പിലാക്കിയിരിക്കുന്നത്.
ഒന്നാം ഘട്ടം: 347 കോടി രൂപ ചെലവിൽ 7.3 കി.മീ കടൽഭിത്തിയും 6.64 കി.മീ നടപ്പാതയും പൂർത്തിയാക്കി. ഇതിനായി 8 ലക്ഷം മെട്രിക് ടൺ കരിങ്കല്ലും 1.5 ലക്ഷം ടെട്രാപോഡുകളും ഉപയോഗിച്ചു.
രണ്ടാം ഘട്ടം: 404 കോടി രൂപ ചെലവിൽ പുത്തൻതോട് മുതൽ മാനാശ്ശേരി വരെ 6.1 കി.മീ ദൂരത്തിലാണ് നിർമ്മാണം നടക്കുക.
ആകെ ചെലവ്: 751 കോടി രൂപ.
തീരദേശവാസികളുടെ സുരക്ഷയ്ക്ക് മുൻഗണന
കടൽക്ഷോഭ സമയങ്ങളിൽ ഭയപ്പാടോടെ കഴിഞ്ഞിരുന്ന ചെല്ലാനത്തെ ജനങ്ങൾക്ക് പദ്ധതി വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി 'പുനർഗേഹം' പദ്ധതി, കുട്ടികൾക്കുള്ള വിദേശ പഠന സൗകര്യം, സമുദ്ര സുരക്ഷാ സംവിധാനങ്ങൾ എന്നിവ സർക്കാർ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ട്. പെരുമ്പളം പാലം, ആദിവാസി ഊരുകളിലെ ഗതാഗത സൗകര്യങ്ങൾ എന്നിവ പോലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, കെ.ജെ. മാക്സി എം.എൽ.എ, പ്രൊഫ. കെ.വി. തോമസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

