മരടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു
കൊച്ചി മരട് ഫോറം മാളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ ചികിത്സയ്ക്ക് ശേഷം ശിശുക്ഷേമ സമിതി (CWC) ഔദ്യോഗികമായി ഏറ്റെടുത്തു. സംഭവത്തിൽ സുവോ മോട്ടോ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മരടിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു; സുരക്ഷിതമായി അഡോപ്ഷൻ ഏജൻസിയിലേക്ക് മാറ്റി
കൊച്ചി: മരട് ഫോറം മാളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ ഔദ്യോഗികമായി ശിശുക്ഷേമ സമിതി (CWC) ഏറ്റെടുത്തു. കഴിഞ്ഞ ജൂൺ 28-ാം തീയതി പുലർച്ചെയാണ് തട്ടുകടയോട് ചേർന്ന് ആൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (NICU) വിദഗ്ദ്ധ ചികിത്സയിലായിരുന്ന കുഞ്ഞ് നിലവിൽ പൂർണ്ണ ആരോഗ്യവാനാണ്.
വിവരം അറിഞ്ഞയുടൻ സംഭവസ്ഥലത്തെത്തിയ മരട് പോലീസ് സംഘമാണ് കുഞ്ഞിനെ സുരക്ഷിതമായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി സൂപ്രണ്ടും ശിശുരോഗ വിഭാഗം മേധാവിയും അറിയിച്ചതിനെ തുടർന്നാണ് ഔദ്യോഗിക കൈമാറ്റ ചടങ്ങുകൾ നടന്നത്. സർക്കാരിനു വേണ്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും (DCPU) ചേർന്ന് ആശുപത്രി അധികാരികളിൽ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങി. തുടർന്നുള്ള പരിചരണങ്ങൾക്കായി കുഞ്ഞിനെ സ്പെഷ്യൽ അഡോപ്ഷൻ ഏജൻസിയിലേക്ക് (SAA) സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
സുവോ മോട്ടോ കേസ് രജിസ്റ്റർ ചെയ്തു
കുഞ്ഞിനെ വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ച് ശിശുക്ഷേമ സമിതി സ്വമേധയാ (സുവോ മോട്ടോ) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ അടിയന്തരവും വിശദവുമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മരട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്കും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനും സമിതി നിർദ്ദേശം നൽകി.
എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ഔദ്യോഗിക കൈമാറ്റ ചടങ്ങിൽ ജില്ലാ ശിശുക്ഷേമ സമിതി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു, അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. ശ്രീലക്ഷ്മി കെ, ജിൻസിമോൾ കുരിയൻ, സന്ധ്യ വി. കെ എന്നിവരും, ജില്ലാ ശിശു സംരക്ഷണ ഓഫീസർമാരായ ഷാനോ ജോസ്, സ്റ്റേസി മാഞ്ഞൂരാൻ എന്നിവരും പങ്കെടുത്തു. ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. എൻ. സതീഷ്, ശിശുരോഗ വിഭാഗം മേധാവി ഡോ. വിനീത, റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. അമീറ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സെൻസി, നഴ്സിംഗ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.