വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണം ധാരണാപത്രം ഒപ്പുവെച്ചു
കേരളത്തിലെ വയോജനങ്ങളുടെ വിവരശേഖരണത്തിനായി ധാരണാപത്രം ഒപ്പുവെച്ചു. ബജറ്റ് പ്രഖ്യാപനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരത്ത് പ്രത്യേക റൗണ്ട് ടേബിൾ കോൺഫറൻസ് സംഘടിപ്പിക്കും.
വയോജനങ്ങളുടെ വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു; ബജറ്റ് പദ്ധതികൾക്കായി പ്രത്യേക റൗണ്ട് ടേബിൾ കോൺഫറൻസ്
തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിനായി ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിലാണ് വിവരശേഖരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി, വയോജന ക്ഷേമ വകുപ്പ് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റുമായി (സി.എം.ഡി) ചേർന്നാണ് വിവരശേഖരണം നടത്തുന്നത്.
വയോജനങ്ങളുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക സ്ഥിതിഗതികളും ദൈനംദിന ജീവിതസാഹചര്യങ്ങളും വിലയിരുത്തുന്നതിനൊപ്പം സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ലഭ്യതയിലും സേവനങ്ങളിലുമുള്ള കുറവ് കണ്ടെത്തുകയുമാണ് ഈ സർവേയുടെ പ്രധാന ലക്ഷ്യം.
ചടങ്ങിൽ വയോജന ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ ഐ.എ.എസ്, മുഖ്യമന്ത്രിയുടെ ഓഫീസ് ഓൺ ഡ്യൂട്ടി സെക്രട്ടറി എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ ഐ.എ.എസ്, സി.എം.ഡി ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് എന്നിവർ പങ്കെടുത്തു.
റൗണ്ട് ടേബിൾ കോൺഫറൻസ് സെപ്റ്റംബർ 16 മുതൽ
പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി പ്രത്യേക റൗണ്ട് ടേബിൾ കോൺഫറൻസ് സംഘടിപ്പിക്കും. പദ്ധതി നിർവഹണത്തിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരത്താണ് കോൺഫറൻസ് നടക്കുക. പദ്ധതികളുടെ നിർവഹണം, ആസൂത്രണം, വകുപ്പുതല ഏകോപനം എന്നിവ യോഗത്തിൽ വിശദമായി പരിശോധിക്കും