മലയാളത്തിൽ എസ് എം എസ്അയക്കണം, ഫോമുകളും പ്രാദേശിക ഭാഷയിലാക്കണം ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ ഉപഭോക്തൃ കോടതി
മരണപ്പെട്ട നിക്ഷേപകരുടെ അവകാശികൾക്കുള്ള അപേക്ഷാ ഫോമുകളും SMS സന്ദേശങ്ങളും മലയാളത്തിൽ നൽകാൻ ബാങ്ക് ഓഫ് ഇന്ത്യയോട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു.
ബാങ്കിങ് സേവന അപേക്ഷകളും SMS സന്ദേശങ്ങളും ഇനി മലയാളത്തിലും ഉപഭോക്തൃ തർക്കപരിഹാര കോടതിയുടെ നിർണായക ഉത്തരവ്
കൊച്ചി: മരണപ്പെട്ട നിക്ഷേപകരുടെ അവകാശികൾക്ക് തുക ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോമുകളും നിർദേശങ്ങളും മലയാളത്തിൽ ലഭ്യമാക്കണമെന്നും, ഇടപാടുകളുമായി ബന്ധപ്പെട്ട SMS അറിയിപ്പുകൾ പ്രാദേശിക ഭാഷയിൽ നൽകാൻ സൗകര്യമൊരുക്കണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. ബാങ്ക് ഓഫ് ഇന്ത്യയുടെ കുറുപ്പംപടി ശാഖയ്ക്കും കലൂരിലെ സോണൽ ഓഫീസിനുമെതിരെ രായമംഗലം സ്വദേശിയും മുതിർന്ന പൗരനുമായ ഗോവിന്ദൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്. കമ്മീഷൻ പ്രസിഡന്റ് ഡി. ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി. എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
മരണപ്പെട്ട ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ₹62,541 ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടും ബാങ്ക് അധികൃതർ അനാവശ്യമായി കാലതാമസം വരുത്തുകയും മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്തുവെന്നായിരുന്നു ഗോവിന്ദന്റെ പരാതി.
സാങ്കേതികവും സങ്കീർണവുമായ ബാങ്കിങ് നടപടിക്രമങ്ങൾ മനസ്സിലാക്കാൻ പ്രായമായ ഉപഭോക്താക്കൾക്ക് വലിയ പ്രയാസമുണ്ടാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായി അപേക്ഷാ ഫോമുകളും അനുബന്ധ വിവരങ്ങളും മലയാളത്തിൽ നൽകണം. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ക്രെഡിറ്റ്/ഡെബിറ്റ് ഇടപാടുകളെക്കുറിച്ചുള്ള സന്ദേശങ്ങൾ പ്രാദേശിക ഭാഷയിൽ ലഭിക്കുന്നതിനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്ക് ബാങ്കുകൾ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
ബാങ്കിങ് നടപടിക്രമങ്ങൾ അവകാശികളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള ഉപകരണങ്ങളാക്കി മാറ്റരുത്. മുതിർന്ന പൗരന്മാർ ഉന്നയിക്കുന്ന പരാതികളിൽ അടിയന്തര ഇടപെടൽ ഉറപ്പാക്കേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക ഭാഷാ സൗകര്യങ്ങൾ ബാങ്കുകൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണൽ ഓഫീസിലേക്ക് കോടതി ഉത്തരവിന്റെ പകർപ്പ് അയച്ചുനൽകി.
പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ₹10,000 നഷ്ടപരിഹാരവും ₹5,000 കോടതി നടപടിച്ചെലവും ചേർത്ത് ആകെ ₹15,000 തുക 45 ദിവസത്തിനകം നൽകാനും ബാങ്ക് ഓഫ് ഇന്ത്യയോട് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.