ഓപറേഷൻ മൺസൂൺ ജില്ലയിൽ മൂന്ന് ദിവസത്തിനിടെ 248 പരിശോധനകൾ 23 സ്ഥാപനങ്ങൾ പൂട്ടിപ്പിച്ചു
മൺസൂൺ കാലയളവിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന ഓപറേഷൻ മൺസൂൺ പരിശോധനയിൽ ജില്ലയിൽ 23 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം. 248 കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
ഓപറേഷൻ മൺസൂൺ: ജില്ലയിൽ മൂന്ന് ദിവസത്തിനിടെ 248 പരിശോധനകൾ; 23 സ്ഥാപനങ്ങൾ പൂട്ടിപ്പിച്ചു
കോഴിക്കോട് : മൺസൂൺ കാലയളവിൽ ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന 'ഓപറേഷൻ മൺസൂൺ' പരിശോധനകൾ ശക്തമായി തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ 248 സ്ഥാപനങ്ങളിലാണ് വകുപ്പ് പ്രത്യേക പരിശോധന നടത്തിയത്. ഗുരുതരമായ നിയമലംഘനങ്ങളും ആരോഗ്യത്തിന് ഹാനികരമായ സാഹചര്യങ്ങളും കണ്ടെത്തിയ 23 സ്ഥാപനങ്ങൾക്ക് അടിയന്തരമായി അടച്ചുപൂട്ടാൻ നിർദേശം നൽകി.
പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ 33 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ, മാനദണ്ഡങ്ങൾ ലംഘിച്ച 48 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും, ഗുരുതര വീഴ്ചകൾ വരുത്തിയ 5 സ്ഥാപനങ്ങൾക്ക് പോരായ്മകൾ പരിഹരിക്കുന്നതിനുള്ള ഇംപ്രൂവ്‌മെന്റ് നോട്ടീസും കൈമാറി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച 94 സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
സ്കൂളുകളിലും മത്സ്യമാർക്കറ്റുകളിലും പരിശോധന
ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പുറമെ ജില്ലയിലെ 13 സ്‌കൂളുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വിപണിയിലെത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ വിവിധ കേന്ദ്രങ്ങളിൽ നിന്ന് മത്സ്യ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
ദിവസവും ഏഴ് പ്രത്യേക സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് ജില്ലയിൽ പരിശോധനകൾ പുരോഗമിക്കുന്നത്. അവധി ദിനങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഒരു എമർജൻസി സ്‌ക്വാഡും സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും കർഷനമായി പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ അറിയിച്ചു.
പരാതികൾ അറിയിക്കാം
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികളും നിർദേശങ്ങളും അറിയിക്കാനായി ടോൾഫ്രീ നമ്പർ ലഭ്യമാക്കിയിട്ടുണ്ട്. 1800 425 1125 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാം.