മഴക്കെടുതിയും കടൽക്ഷോഭവും നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി മന്ത്രി എം. ലിജു
ആലപ്പുഴ ജില്ലയിലെ മഴക്കെടുതിയും കടൽക്ഷോഭവും നേരിടാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി എം. ലിജു. തോട്ടപ്പള്ളി സ്പിൽവേയും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിച്ചു.
ആലപ്പുഴയിൽ മഴക്കെടുതിയും കടൽക്ഷോഭവും നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി: മന്ത്രി എം. ലിജു
ആലപ്പുഴ: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളുണ്ടായാൽ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആലപ്പുഴ ജില്ലയിൽ പൂർത്തിയായതായി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു വ്യക്തമാക്കി. ജില്ലയിലെ മഴക്കെടുതിയും കടൽക്ഷോഭവും ബാധിച്ച പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും തോട്ടപ്പള്ളി സ്പിൽവേയും നേരിട്ട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ജില്ലാ ഭരണകൂടം കൃത്യമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ജില്ലയിലാകെ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. തീരപ്രദേശമായ പായൽക്കുളങ്ങരയിലും അമ്പലപ്പുഴ സൗത്തിലുമായി രണ്ട് ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് രാവിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിലെ നീരൊഴുക്ക് മന്ത്രി നേരിട്ട് കണ്ട് വിലയിരുത്തി.
വളഞ്ഞവഴിയുടെ പടിഞ്ഞാറൻ മേഖല, കാക്കാഴം, പായൽക്കുളങ്ങര എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. സാഹചര്യം കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും കടൽക്ഷോഭത്തിന് ഹ്രസ്വകാല പരിഹാരങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ മികച്ച രീതിയിൽ കടൽഭിത്തി നിർമ്മിച്ച് ശാശ്വതമായ പരിഹാരം കാണാനുള്ള ശക്തമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകളുടെ പ്രവർത്തനം വിലയിരുത്തിയ മന്ത്രി, അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പായൽക്കുളങ്ങര ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും അന്തേവാസികളുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു. തുടർന്ന് കാക്കാഴം തീരപ്രദേശവും മഴക്കെടുതി ബാധിച്ച അമ്പലപ്പുഴ വടക്ക് വണ്ടാനം വളഞ്ഞവഴി പ്രദേശങ്ങളും സന്ദർശിച്ചു.