ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല സ്കൂളുകളിലും വാർഡുകളിലും ജാഗ്രത ശക്തമാക്കും

എറണാകുളം ജില്ലയെ ലഹരിമുക്തമാക്കുന്നതിനായി തദ്ദേശ വാർഡുകളെയും സ്കൂളുകളെയും ഡ്രഗ് ഫ്രീ ആയി പ്രഖ്യാപിക്കാൻ തീരുമാനം. ലഹരി വിതരണക്കാർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള കടുത്ത നിയമ നടപടികൾ സ്വീകരിക്കാൻ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ നിർദ്ദേശം.

ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല സ്കൂളുകളിലും വാർഡുകളിലും ജാഗ്രത ശക്തമാക്കും
എറണാകുളം ജില്ലയിൽ വിവിധ വകപ്പു കളുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ, ജില്ലാ കളക്ടർ ജി പ്രിയങ്ക എന്നിവർ നേതൃത്വം നൽകുന്നു

ലഹരി ഉപയോഗത്തിനും വിതരണത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി: അവലോകന യോഗം ചേർന്നു

എറണാകുളം: ജില്ലയിൽ ലഹരി ഉപയോഗിക്കുന്നവർക്കും അത് വിതരണം ചെയ്യുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിലാണ് ലഹരിവിരുദ്ധ പദ്ധതികളുടെ അവലോകന യോഗം ചേർന്നത്. നശാമുക്ത് ഭാരത് അഭിയാൻ, എൻകോർഡ്, ഓപ്പറേഷൻ തൂഫാൻ, വിമുക്തി എന്നീ പദ്ധതികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.

​ജില്ലയെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി ലഹരി ഉപയോഗവും വിതരണവും പൂർണമായി ഇല്ലാതാക്കുന്ന തദ്ദേശ സ്വയംഭരണ വാർഡുകളെ 'സമ്പൂർണ ലഹരിമുക്ത വാർഡ്' (ഡ്രഗ് ഫ്രീ വാർഡ്) ആയും, സ്‌കൂളുകളെ 'സമ്പൂർണ ലഹരിമുക്ത സ്‌കൂൾ' (ഡ്രഗ് ഫ്രീ സ്‌കൂൾ) ആയും പ്രഖ്യാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പിനെയും വിദ്യാഭ്യാസ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഒരു മാസത്തിനകം ആക്ഷൻ പ്ലാൻ തയ്യാറാക്കാനും യോഗത്തിൽ നിർദ്ദേശം നൽകി.

​കുട്ടികൾ ലഹരിയുടെ പിടിയിൽ അകപ്പെടാതിരിക്കാൻ ശാസ്ത്ര, കലാ, കായിക മേഖലകളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കാൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓർമ്മിപ്പിച്ചു. ഇതിനായി വാർഡ്, സ്‌കൂൾ തലങ്ങളിൽ ജാഗ്രത ശക്തമാക്കും.

​ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നവർക്കെതിരെ കാപ്പ (KAPA) ഉൾപ്പെടെയുള്ള നിയമങ്ങൾ ചുമത്തി കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ, 18 വയസ്സിൽ താഴെയുള്ള കുട്ടികളിലെ ലഹരി, സ്‌ക്രീൻ അഡിക്ഷനുകൾ തടയുന്നതിനായി പ്രത്യേക ഡി-അഡിക്ഷൻ സെന്റർ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചതായും കളക്ടർ വ്യക്തമാക്കി.

​ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, സബ് കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ, കൊച്ചി സിറ്റി ഡി.സി.പി. മോഹിത് രാവത്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.