പെരുവയലിൽ ഷിഗെല്ല പടരുന്നു 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ
കോഴിക്കോട് പെരുവയൽ പഞ്ചായത്തിൽ ഷിഗെല്ല പടരുന്നു. 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
പെരുവയലിൽ ഷിഗെല്ല ഭീതി: 12 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു; പ്രതിരോധം ഊർജിതം
കോഴിക്കോട്: പെരുവയൽ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കൽ മേഖലയിൽ ഷിഗെല്ല രോഗബാധ പടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ സാംപിൾ പരിശോധനയിൽ 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. നേരത്തെ കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ മൂന്നര വയസ്സുകാരൻ ഷിഗെല്ല ബാധിച്ച് മരിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ പേരിലേക്ക് രോഗം പടർന്നതായി കണ്ടെത്തിയത്.
നിലവിൽ 34 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും നേരത്തെ ചികിത്സയിലായിരുന്നവരുടെ ബന്ധുക്കളാണ്. മൂന്ന് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാൻ എരഞ്ഞിക്കൽ അങ്കണവാടി കേന്ദ്രീകരിച്ച് പ്രത്യേക ഹെൽത്ത് ക്യാമ്പ് ആരംഭിച്ചു.
ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും വീടുകൾ സന്ദർശിച്ച് കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച മൂന്ന് കടകൾ അടപ്പിച്ചു. സാധാരണ വയറിളക്കത്തേക്കാൾ മാരകമാണ് ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമെന്നും, രക്തം കലർന്ന മലം, കഠിനമായ വയറുവേദന, പനി എന്നിവ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവിഭാഗം നിർദ്ദേശിച്ചു

