മൺസൂൺ രോഗങ്ങൾക്കെതിരെ ജില്ലയിൽ വൻ പ്രതിരോധം ഹോട്ടലുകളിൽ കർശന പരിശോധന, നിയമലംഘകർക്കെതിരെ കടുത്ത നടപടി
വർഷകാല സാംക്രമിക രോഗങ്ങൾ തടയുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജൂൺ 17 മുതൽ 30 വരെ വിപുലമായ പ്രതിരോധ ബോധവത്ക്കരണ ക്യാംപയിൻ സംഘടിപ്പിക്കുന്നു.
മൺസൂൺ രോഗങ്ങൾക്കെതിരെ വിപുലമായ ക്യാംപയിൻ ജൂൺ 17 മുതൽ; ഹോട്ടലുകളിൽ കർശന പരിശോധന
മലപ്പുറം: മൺസൂൺ കാലത്ത് പടർന്നുപിടിക്കാൻ സാധ്യതയുള്ള സാംക്രമിക രോഗങ്ങൾക്കെതിരായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവത്ക്കരണ ക്യാംപയിൻ സംഘടിപ്പിക്കുന്നു. ജൂൺ 17 മുതൽ 30 വരെ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പ്രതിരോധ ക്യാംപയിൻ നടക്കുക. ക്യാംപയിന്റെ മുന്നൊരുക്കങ്ങൾക്കായി ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.
വർഷകാല രോഗങ്ങളെ പ്രതിരോധിക്കാൻ കർശനമായ നടപടികളാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ഹോട്ടലുകൾ, തട്ടുകടകൾ ഉൾപ്പെടെയുള്ള എല്ലാ ഭക്ഷണശാലകളിലും വരും ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധനയുണ്ടാകും. നിയമലംഘനം കണ്ടെത്തിയാൽ ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. ഇത് ആവർത്തിക്കുന്ന പക്ഷം സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.
പൊതുജന പങ്കാളിത്തത്തോടെ പരിസര ശുചിത്വം ഉറപ്പാക്കി ആരോഗ്യകരമായ ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് ക്യാംപയിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള സ്രോതസ്സുകൾ പരിശോധിച്ച് ശുദ്ധി ഉറപ്പാക്കും. സ്കൂളുകൾ, വീടുകൾ, പൊതുവിടങ്ങൾ എന്നിവിടങ്ങളിലെ ജലം കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യാനും യോഗത്തിൽ തീരുമാനമായി. സ്കൂളുകളിൽ കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കേണ്ടത് അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു.
ആരോഗ്യം, ഭക്ഷ്യസുരക്ഷ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകൾ കൃത്യമായ ഷെഡ്യൂൾ തയാറാക്കിയായിരിക്കും വരും ദിവസങ്ങളിൽ പരിശോധനകളും ബോധവത്ക്കരണ പരിപാടികളും നടത്തുക. ക്യാംപയിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക ബോധവത്ക്കരണ ക്ലാസുകൾ നൽകും. വീടും പരിസരവും ശുചിയായി സൂക്ഷിക്കുക, ശുദ്ധമായ ഭക്ഷണവും തിളപ്പിച്ചാറ്റിയ കുടിവെള്ളവും മാത്രം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിലൂടെ മാരകമായേക്കാവുന്ന പകർച്ചവ്യാധികളെ തടഞ്ഞുനിർത്താനാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ.