ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് പരിഹരിക്കും മന്ത്രി കെ.എ. തുളസി
അഗസ്ത്യവനം മണ്ണാംകോണത്ത് ‘ഊരൊരുക്കം 2026’ പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.എ. തുളസി. ഗോത്രവർഗ്ഗ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായവും വിവിധക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് പരിഹരിക്കും: മന്ത്രി കെ.എ. തുളസി
തിരുവനന്തപുരം: ഓഫീസുകളിലെ ഫയലുകളിൽ ഒതുങ്ങാതെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് പരിഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി വ്യക്തമാക്കി. അഗസ്ത്യവനം മണ്ണാംകോണത്തുള്ള ഊരുകളിൽ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനും അടിസ്ഥാന വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ‘ഊരൊരുക്കം 2026’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്കായി വകുപ്പ് നടപ്പിലാക്കുന്ന ഒട്ടനവധി ക്ഷേമ പദ്ധതികളും തീരുമാനങ്ങളും ചടങ്ങിൽ മന്ത്രി വിശദീകരിച്ചു.
കുടുംബനാഥൻ മരണപ്പെടുന്ന സാഹചര്യങ്ങളിൽ ആശ്രയം നഷ്ടപ്പെടുന്ന ഗോത്രവർഗ്ഗ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള ധനസഹായം അടിയന്തരമായി അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഓഫീസുകൾ കയറിയിറങ്ങി കാത്തുനിൽക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. മെഡിക്കൽ കോളേജുകൾ വഴിയുള്ള ചികിത്സാ സഹായങ്ങൾ വേഗത്തിലാക്കാൻ ഒൻപതോളം സേവനങ്ങൾ ഉൾപ്പെടുത്തി പുതിയ പോർട്ടൽ ഉടൻ സജ്ജമാക്കും. ഗുരുതര രോഗബാധിതർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാൽ ഉടനടി ധനസഹായം ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന പ്രൊമോട്ടർമാരുടെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാനും ആനുകൂല്യങ്ങൾ കൃത്യമായി ഊരുകളിൽ എത്തിക്കാനും ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം നൽകും. ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഭവന നിർമ്മാണ പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാക്കുമെന്നും നിലവിലുള്ള തുക അപര്യാപ്തമാണെങ്കിൽ അത് വർദ്ധിപ്പിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രദേശത്തെ ആരോഗ്യ പരിപാലന രംഗത്തെ പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം കാണുന്നതിനൊപ്പം ട്രെക്കിംഗ് ഗൈഡുമാരുടെ പ്രതിഫലം കാലാനുസൃതമായി വർദ്ധിപ്പിക്കും. വിദ്യാർത്ഥികളുടെ ആനുകൂല്യ കുടിശ്ശികകൾ സെപ്റ്റംബർ മാസത്തിനകം തീർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മോഡൽ റസിഡൻഷ്യൽ സ്കൂൾ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ പരിശോധനകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും അവർ വ്യക്തമാക്കി.
ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജിജി, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ ജയൻ, വൈസ് പ്രസിഡന്റ് സതീഷ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോട്ടൂർ സന്തോഷ്, വാർഡ് മെമ്പർ സുരേഷ് മിത്ര, പഞ്ചായത്ത് സെക്രട്ടറി ശ്രുതി ബി, ഊരുമൂപ്പൻമാർ തുടങ്ങിയവരും സംബന്ധിച്ചു.