സത്യപ്രതിജ്ഞാ വിവാദം തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി
തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെയും വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെയും സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ അല്ലാതെ മറ്റ് പേരുകളിൽ നടത്തിയ സത്യപ്രതിജ്ഞകൾ നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
വ്യത്യസ്ത നാമങ്ങളിലുള്ള സത്യപ്രതിജ്ഞകൾ ഹൈക്കോടതി റദ്ദാക്കി; തിരുവനന്തപുരത്തെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം
കൊച്ചി: ദേവീദേവന്മാരുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 1994-ലെ കേരള മുൻസിപ്പാലിറ്റി നിയമത്തിലെ മൂന്നാം ഷെഡ്യൂൾ പ്രകാരം 'ദൈവനാമത്തിൽ' അല്ലെങ്കിൽ 'ദൃഢപ്രതിജ്ഞ' മാത്രമേ ചെയ്യാൻ പാടുള്ളൂവെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. നിയമപരമായ ഈ ചട്ടം ലംഘിച്ച് നടത്തിയ സത്യപ്രതിജ്ഞകൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൗൺസിലർമാർ നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദ്ദേശിച്ചു.
സത്യവാചകത്തിൽ ഇല്ലാത്ത പേരുകൾ ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് തിരുവനന്തപുരം കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് സമർപ്പിച്ച ഹർജിയിലാണ് ഈ സുപ്രധാന വിധി. ബിജെപി കൗൺസിലർമാരായ ആർ. സുഗതൻ, കരമന അജിത്, ആർ.സി. ബീന, പി. സരിത, ദീപ എസ്. നായർ തുടങ്ങിയവർ 'ശ്രീ പത്മനാഭസ്വാമിയുടെ' നാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. വലിയവിള കൗൺസിലർ വി.ജി. ഗിരികുമാർ 'ബലിദാനികൾ അമരന്മാർ' എന്ന് പറഞ്ഞും, എ. മേരി പുഷ്പ, ജി.എസ്. ആശാനാഥ് എന്നിവർ 'സ്വാമിയേ ശരണമയ്യപ്പാ' എന്ന് ചൊല്ലിയുമാണ് പ്രതിജ്ഞ അവസാനിപ്പിച്ചത്. കൂടാതെ ഗുരുദേവൻ, ശ്രീകണ്ഠേശ്വരം മഹാദേവൻ, ഇരുകുളങ്ങര ദുർഗാ ഭഗവതി ദേവി, ഉദയന്നൂർ ദേവി തുടങ്ങിയ വിവിധ ദൈവപ്രതിഷ്ഠകളുടെ പേരിലും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ദൈവങ്ങളുടെ പേര് പറഞ്ഞു നടത്തിയ ഈ സത്യപ്രതിജ്ഞകൾ ചട്ടലംഘനമാണെന്ന് കാണിച്ച് സിപിഎം നേരത്തെ ജില്ലാ കളക്ടർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ സെക്രട്ടറി വി. ജോയിയും എസ്.പി. ദീപക്കും കോടതിയെ സമീപിക്കുകയായിരുന്നു. ദൈവനാമത്തിൽ എന്നല്ലാതെ പ്രത്യേക ദൈവങ്ങളുടെയോ വ്യക്തികളുടെയോ പേര് പറയാൻ ചട്ടപ്രകാരം കഴിയില്ലെന്ന് കോടതി അടിവരയിട്ടു.
ഉമ്മൻ ചാണ്ടിയുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞയും റദ്ദാക്കി
ഇതോടൊപ്പം തന്നെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി പഞ്ചായത്ത് മെമ്പർ സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പനിയംകര 21-ാം വാർഡ് മെമ്പറായ സുനിൽ, ‘ഈശ്വരന്റെ അനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ’ ആയിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഇതും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് കോടതി നടപടി.
കോടതി ഉത്തരവ് പ്രകാരം തിരുവനന്തപുരം കോർപറേഷനിലെ ചെമ്പഴന്തി ഉദയൻ, വിഷ്ണു മോഹൻ, സൂര്യ വി.എസ്, ശ്രീദേവി എസ്.കെ, പാപ്പനംകോട് സജി, വയൽക്കര രതീഷ്, വിനോദ് ആർ, ഗോപകുമാർ, ശ്രുതി എസ്.എസ്, വി. ഗിരി, ഹരികുമാർ എസ്, സുകന്യ ഒ, ജയ രാജീവ്, സുനിൽ എസ്.എസ്, മിനി പി.എസ് തുടങ്ങിയ ബിജെപി കൗൺസിലർമാർ വരും ദിവസങ്ങളിൽ വീണ്ടും ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യേണ്ടി വരും.
മികച്ച നടനായി മമ്മൂട്ടി, ഗായികയായി വൈക്കം വിജയലക്ഷ്മി ദേശീയ പുരസ്കാര വേദിയിൽ മലയാളത്തിന് വൻനേട്ടം
ഹൃദയാഘാതം മൂലമുള്ള മരണം തടയാൻ ‘ഓട്ടോരക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ
പുനർജനിക്കാൻ ചൂരൽമല ടൗൺഷിപ്പ് നിർമ്മാണം വേഗത്തിൽ പ്രിയങ്ക ഗാന്ധി
മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ പുസ്തകങ്ങൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
കൊച്ചിയിൽ ഭക്ഷ്യ ജന്തുജന്യ രോഗങ്ങൾ തടയാൻ വൺ ഹെൽത്ത്
കാർഷിക യന്ത്രങ്ങൾക്ക് അപേക്ഷിക്കാം 
