ലഹരിയുടെ അവസാന കണ്ണിയും പിഴുതെറിയും ഓപറേഷൻ തൂഫാൻ ജനകീയ മുന്നേറ്റമായെന്ന് മന്ത്രി എ പി അനിൽകുമാർ
കേരളത്തിൽ കുറഞ്ഞ കാലം കൊണ്ട് വലിയ ജനകീയ മുന്നേറ്റമായി ലഹരിക്കെതിരായ ഓപറേഷൻ തൂഫാൻ മാറിയെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ കോഴിക്കോട്ട് പറഞ്ഞു.
ഓപറേഷൻ തൂഫാൻ ജനകീയ മുന്നേറ്റമായി മാറി: മന്ത്രി എ പി അനിൽകുമാർ; ലഹരിക്കെതിരെ കോഴിക്കോട്ട് ‘ഫൺ റൺ’
കോഴിക്കോട്: കുറഞ്ഞ കാലം കൊണ്ട് കേരളത്തിൽ വലിയ ജനകീയ മുന്നേറ്റമായി ലഹരിക്കെതിരായ ‘ഓപറേഷൻ തൂഫാൻ’ മാറിയെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് വിമുക്തി മിഷൻ കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ച് റോഡിൽ സംഘടിപ്പിച്ച ‘ഫൺ റൺ’ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ സംബന്ധിച്ച് ഇത്തവണത്തെ ലഹരിവിരുദ്ധ ദിനാചരണത്തിന് വളരെയധികം പ്രസക്തിയുണ്ട്. പുതുതായി അധികാരത്തിൽ വന്ന സർക്കാറിന്റെ ഏറ്റവും പ്രധാന പരിപാടികളിലൊന്നായി മുന്നോട്ട് വെച്ചത് ലഹരിക്കെതിരായ പോരാട്ടമാണ്. ഈ പോരാട്ടം ഒരു ദിവസത്തിൽ ഒതുങ്ങാതെ നിരന്തരം നടത്തി ആരും ലഹരിയുടെ പേരിൽ പ്രയാസപ്പെടാത്ത സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പ്രയത്നമാണ് നടക്കുന്നത്. ലഹരിയുടെ ഉറവിടത്തിൽനിന്ന് തുടങ്ങി അവസാന കണ്ണി വരെ എത്തുന്ന അന്വേഷണത്തിലൂടെ അതിനെ തുടച്ചുനീക്കാനുള്ള ശ്രമമാണ് ഓപറേഷൻ തൂഫാനിലൂടെ ആരംഭിച്ചിട്ടുള്ളതെന്നും വലിയ രീതിയിലുള്ള പിന്തുണയാണ് ഇതിന് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ അഡ്വ. കെ ജയന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. കെ പ്രവീൺ കുമാർ എം.എൽ.എ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫൺ റണ്ണിൽ പങ്കെടുക്കുന്നവർക്കുള്ള ജഴ്സിയുടെ പ്രകാശനം കോഴിക്കോട് മേയർ ഒ സദാശിവൻ നിർവഹിച്ചു. സിറ്റി പൊലീസ് കമീഷണർ എ പി ഷൗക്കത്തലി, നോർത്ത് സോൺ ജോയിന്റ് എക്സൈസ് കമീഷണർ കെ ഗോപകുമാർ, ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജിമ്മി ജോസഫ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എൻ.എസ്.എസ് കോഓഡിനേറ്റർ ഫസീൽ അഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസ് സെല്ലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫൺ റണ്ണിൽ ജില്ലയിലെ വിവിധ കോളേജുകളിൽനിന്നുള്ള എൻ.എസ്.എസ് വോളണ്ടിയർമാർ, എക്സൈസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ ആവേശത്തോടെ പങ്കാളികളായി.