വ്യാജ വെബ്സൈറ്റ് വഴി ഒന്നരക്കോടിയുടെ തട്ടിപ്പ്; മൂവാറ്റുപുഴ സ്വദേശിയുടെ പണം കവർന്ന പ്രതി വലയിലായി

മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒന്നരക്കോടി രൂപ ഓൺലൈൻ ട്രേഡിംഗ് വഴി തട്ടിയെടുത്ത കേസിലെ പ്രതി മുഹമ്മദ് മുസ്‌തഫയെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാജ വെബ്സൈറ്റ് വഴി ഒന്നരക്കോടിയുടെ തട്ടിപ്പ്; മൂവാറ്റുപുഴ സ്വദേശിയുടെ പണം കവർന്ന പ്രതി വലയിലായി
പ്രതി മുഹമ്മദ് മുസ്‌തഫ്

​ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: ഒന്നരക്കോടി രൂപ കവർന്ന കേസിലെ പ്രതി പിടിയിൽ

​മൂവാറ്റുപുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് വാളകം സ്വദേശിയിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി, ഇരുമ്പിളിയം സ്വദേശിയായ കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്‌തഫ (24) യെയാണ് മൂവാറ്റുപുഴ പോലീസ് സംഘം വളാഞ്ചേരിയിൽ നിന്നും പിടികൂടിയത്.

​കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ ട്രേഡിംഗ് കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റ് നിർമ്മിച്ചായിരുന്നു തട്ടിപ്പ്. നിക്ഷേപിക്കുന്ന തുകയ്ക്ക് വൻ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പരാതിക്കാരനിൽ നിന്നും പണം കൈക്കലാക്കുകയായിരുന്നു. എൻ.സി.ആർ.പി (NCRP) പോർട്ടലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

​എസ്.ഐമാരായ എം.വി ദിലീപ് കുമാർ, എം.എം ഉബൈസ്, എം.കെ ജയചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.പി രതീഷ്, രഞ്ജിത് രാജൻ എന്നിവരും സൈബർ സെല്ലും ചേർന്നാണ് അന്വേഷണം നടത്തിയത്. കേസിലെ മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.