മലയാള സിനിമയിൽ സാങ്കേതിക വിപ്ലവം ആദ്യ എ.ഐ. ചിത്രം മണികണ്ഠൻ ദി ലാസ്റ്റ് അവതാർ റിലീസിനൊരുങ്ങുന്നു
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെയ് 3 ന് വൈകുന്നേരം എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വെച്ച് പുറത്തിറക്കും
മലയാളത്തിൽ ആദ്യമായി എ.ഐ. ചലച്ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' റിലീസിനൊരുങ്ങുന്നു
കൊച്ചി: മലയാള സിനിമയിൽ പുതിയൊരു സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് പൂർണ്ണമായും കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച ആദ്യ ചിത്രം വരുന്നു. പപ്പരാസി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' എന്ന മിത്തോളജിക്കൽ ആക്ഷൻ ത്രില്ലറാണ് റിലീസിനൊരുങ്ങുന്നത്.
ആധുനിക കാലഘട്ടത്തെ പൗരാണിക ബിംബങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ ചിത്രം ഭഗവാൻ അയ്യപ്പന്റെ ആത്മീയ പ്രഭാവവും ഹിമാലയൻ പശ്ചാത്തലത്തിലുള്ള യോദ്ധാവിന്റെ പരിണാമവുമാണ് ദൃശ്യവൽക്കരിക്കുന്നത്. പ്രകൃതിദുരന്തത്തിൽ അനാഥനായ ഒരു യുവാവ് തന്റെ ഗുരുകുല വിദ്യാഭ്യാസത്തിലൂടെ കർമ്മനീതിയുടെ പോരാളിയായി മാറുന്നതാണ് ഇതിവൃത്തം. ആധുനിക ലോകത്തെ സ്ത്രീ സുരക്ഷയും മാനവികതയുടെ പരിണാമവും സിനിമ ഗൗരവകരമായ ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്.
തിരക്കഥ മുതൽ വിഷ്വൽ ഡിസൈനിംഗ് വരെ സിനിമയുടെ എല്ലാ മേഖലകളിലും എ.ഐ. സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഈ പ്രോജക്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെയ് 3-ന് വൈകുന്നേരം എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വെച്ച് പുറത്തിറക്കും.
പപ്പരാസി എന്റർടൈൻമെന്റ്, വി ക്രിയേറ്റ് എന്റർടൈൻമെന്റ്, ഗുഡ്‌ഫെല്ലസ് ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2026 മെയ് 29-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തും