ജീവിതത്തിൽ ഇംപോസിബിൾ എന്ന വാക്ക് ഉണ്ടാകരുത് രമേശ് ചെന്നിത്തല
എറണാകുളം നിയോജക മണ്ഡലത്തിലെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി ടി.ജെ. വിനോദ് എം.എൽ.എ ഏർപ്പെടുത്തിയ മികവ് 2026 എക്സലന്റ് അവാർഡുകൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിതരണം ചെയ്തു. ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ പദ്ധതിയിൽ വിദ്യാർത്ഥികൾ അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാൻ വിദ്യാർത്ഥികൾക്ക് കഴിയണം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
എറണാകുളം: ഇന്നത്തെ കടുത്ത മത്സര ലോകത്ത് പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. എറണാകുളം നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി ടി.ജെ. വിനോദ് എം.എൽ.എ ഏർപ്പെടുത്തിയ 'മികവ് 2026' അക്കാദമിക് എക്സലന്റ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഠിനാധ്വാനവും അച്ചടക്കവും വഴി മാത്രമേ ജീവിതത്തിൽ ഉന്നത വിജയങ്ങൾ കൈവരിക്കാനാകൂ എന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ കരുത്തിലാണ് മലയാളികൾ ലോകത്തിന്റെ നെറുകയിലെത്തിയത്. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്, ജീവിതത്തിൽ 'ഇംപോസിബിൾ' (അസാധ്യം) എന്ന വാക്ക് ഉണ്ടാകരുതെന്നും എല്ലാ കാര്യങ്ങളെയും എങ്ങനെ 'പോസിബിൾ' (സാധ്യം) ആക്കി മാറ്റാം എന്നാണ് വിദ്യാർത്ഥികൾ ചിന്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കളും അധ്യാപകരും കാണിച്ചുതരുന്ന സൻമാർഗ്ഗത്തിലൂടെ സഞ്ചരിച്ച് ഉന്നത ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ വിദ്യാർത്ഥി ജീവിതമെന്ന സുവർണ്ണകാലഘട്ടം പ്രയോജനപ്പെടുത്തണം. വലിയ നേട്ടങ്ങൾ കൈവരിക്കുമ്പോഴും സമൂഹത്തിലെ പാവപ്പെട്ടവരെയും സാധുക്കളെയും ഓർക്കണമെന്നും, അവരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ കഴിയുന്നതാണ് യഥാർത്ഥ ജീവിതവിജയമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലഹരിക്കെതിരെ വലിയ പോരാട്ടമാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രി, സർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ മഹായജ്ഞത്തിൽ വിദ്യാർത്ഥികൾ അണിനിരക്കണമെന്ന് ആഹ്വാനം ചെയ്തു. യുവത്വത്തെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരെ വിദ്യാർത്ഥികൾ ‘തൂഫാൻ വാരിയേഴ്‌സ്’ ആയി മാറണമെന്നും ജീവിതത്തിൽ ഒരിക്കലും ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഹൈബി ഈഡൻ എം.പി വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെ ആദരിക്കുന്നതിനൊപ്പം, മികച്ച പൗരബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ 'മികവ് 2026' പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായി പ്രശസ്ത മാന്ത്രികൻ സാമ്രാജിന്റെ പ്രത്യേക മാജിക് ഷോയും വേദിയിൽ അരങ്ങേറി. കലയും സന്ദേശവും സമന്വയിപ്പിച്ച ഈ അവതരണം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും ശക്തമായ സന്ദേശമാണ് നൽകിയത്.
എറണാകുളം നിയോജക മണ്ഡലത്തിലെ 1500-ൽ അധികം വിദ്യാർത്ഥികളാണ് ചടങ്ങിൽ 'മികവ് 2026' എം.എ.എൽ.എ അക്കാദമിക് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങിയത്. നൂറു ശതമാനം വിജയം കരസ്‌ഥമാക്കിയ സർക്കാർ വിദ്യാലയങ്ങളെയും ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു.
ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, ഡിവിഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്‌റ്റ്യൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ, മാന്ത്രികൻ സാമ്രാജ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ഹിണ്ടാൽകോ ഇൻഡസ്ട്രീസ് എറണാകുളം യൂണിറ്റ് പ്ലാന്റ് ഹെഡ് ഹരേന്ദ്ര സിംഗ്, അലിംസ് ബി സ്കൂൾ മാനേജിങ്ങ് ഡയറക്ടർ അഷ്‌റഫ് വാഫി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.