പെരുമ്പാവൂർ ജോയിന്റ് ആർടിഒ ഓഫീസിൽ തീപിടിത്തം
പെരുമ്പാവൂർ ജോയിന്റ് ആർടിഒ ഓഫീസിൽ തീപിടിത്തം രേഖകൾ കത്തിനശിച്ചു അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
പെരുമ്പാവൂർ ജോയിന്റ് ആർടിഒ ഓഫീസിൽ തീപിടിത്തം; രേഖകൾ കത്തിനശിച്ചു
പെരുമ്പാവൂർ: പട്ടാലിൽ പ്രവർത്തിക്കുന്ന ജോയിന്റ് ആർടിഒ ഓഫീസിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഓഫീസിലെ ഇ-സേവാ കേന്ദ്രത്തിൽ നിന്നാരംഭിച്ച തീയിൽ ലൈസൻസുകളും ആർസി ബുക്കുകളും ഉൾപ്പെടെയുള്ള നിർണ്ണായക രേഖകൾ കത്തിനശിച്ചു. പുലർച്ചെ ആറു മണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആർടിഒ ഓഫീസ് പ്രവർത്തിക്കുന്നത്. ഇ-സേവാ കേന്ദ്രത്തിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഇവിടെയുണ്ടായിരുന്ന കമ്പ്യൂട്ടറുകൾ, യുപിഎസ്, പ്രിന്റർ, ഇൻവെർട്ടർ എന്നിവ പൂർണ്ണമായും നശിച്ചു. റെക്കോർഡ് റൂമിലുണ്ടായിരുന്ന ലൈസൻസ്, ആർസി ബുക്ക് രേഖകൾ, ജനലുകൾ, നെറ്റ്‌വർക്ക് കേബിളുകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.
സമീപത്തെ അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഓഫീസിനോട് ചേർന്നുള്ള അങ്കണവാടിയിലേക്കും മിത്രകലാ ലൈബ്രറിയിലേക്കും തീ പടരാതിരുന്നത് വലിയ ആശ്വാസമായി.

