പ്രണയക്കുരുക്കിൽ വീഴ്ത്തി 9.35 കോടി തട്ടിയെടുത്തു തെലുങ്ക് നടി അഷു റെഡ്ഡിക്കെതിരെ കേസ്
തെലുങ്ക് നടി അഷു റെഡ്ഡി ലണ്ടൻ മലയാളിയായ യുവാവിൽ നിന്ന് 9.35 കോടി രൂപ തട്ടിയെടുത്തതായി പരാതി. നടിയുടെ കുടുംബാംഗങ്ങൾക്കെതിരെയും പോലീസ് കേസെടുത്തു.
പ്രണയക്കുരുക്കിൽ വീഴ്ത്തി 9.35 കോടി തട്ടിയെടുത്തു: തെലുങ്ക് നടി അഷു റെഡ്ഡിക്കെതിരെ കേസ്
ഹൈദരാബാദ്: ലണ്ടൻ മലയാളിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ ഹണിട്രാപ്പിൽ കുടുക്കി 9.35 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പ്രശസ്ത തെലുങ്ക് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വെങ്കിട്ട അശ്വിനി റെഡ്ഡി (അഷു റെഡ്ഡി)യ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. ലണ്ടനിൽ താമസിക്കുന്ന വൈ.വി. ധർമ്മേന്ദ്രയുടെ പിതാവ് യെനുമുല സത്യനാരായണ മൂർത്തി നൽകിയ പരാതിയിൽ ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷൻ (CCS) ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
2018 മുതൽ 2025 വരെയുള്ള കാലയളവിൽ ആസൂത്രിതമായ നീക്കങ്ങളിലൂടെ പണവും സ്വത്തുക്കളും കൈക്കലാക്കിയെന്നാണ് ആരോപണം. അഷു റെഡ്ഡിയെ കൂടാതെ പിതാവ് വെങ്കിട്ട കൃഷ്ണ കൊയ്യ, മാതാവ് കൊയ്യ യശോദ റെഡ്ഡി, സഹോദരി കൊയ്യ വെങ്കിട്ട ദിവ്യ റെഡ്ഡി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പരിചയവും വിവാഹവാഗ്ദാനവും
2018-ൽ ഇന്ത്യയിൽ വെച്ചാണ് ധർമ്മേന്ദ്ര അഷു റെഡ്ഡിയെ പരിചയപ്പെടുന്നത്. സിനിമയിൽ അവസരം തേടുകയാണെന്നും അമേരിക്കയിൽ നിന്ന് ഉപരിപഠനം കഴിഞ്ഞതാണെന്നും പറഞ്ഞ് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറി. ധർമ്മേന്ദ്രയുടെ വിവാഹമോചന നടപടികൾ നടക്കുകയാണെന്ന് അറിഞ്ഞ നടി, അത് തങ്ങളുടെ ജീവിതത്തിന് തടസ്സമാകില്ലെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പ് ഇങ്ങനെ
വീസ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും കുടുംബം സാമ്പത്തികമായി സഹായിക്കുന്നില്ലെന്നും പറഞ്ഞാണ് നടി ധർമ്മേന്ദ്രയിൽ നിന്ന് പണം വാങ്ങിത്തുടങ്ങിയത്. പിന്നീട് ആഡംബര കാറുകൾക്കും സ്വർണാഭരണങ്ങൾക്കുമായി കോടികൾ ആവശ്യപ്പെട്ടു. ഇതിനു പുറമെ, ധർമ്മേന്ദ്ര ലണ്ടനിലായിരുന്ന സമയത്ത് ഹൈദരാബാദിലെ മണികോണ്ടയിൽ 3 കോടി രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് അഷു റെഡ്ഡി സ്വന്തം പേരിലേക്ക് മാറ്റിയതായും പരാതിയിൽ പറയുന്നു.
കുടുംബത്തിന്റെ ഇടപെടലും ഭീഷണിയും
ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായപ്പോഴെല്ലാം നടിയുടെ അമ്മയും സഹോദരിയും ഇടപെട്ട് ധർമ്മേന്ദ്രയെ അനുനയിപ്പിക്കുകയും വീണ്ടും പണം നൽകാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നടിക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്നറിഞ്ഞ് പണം തിരികെ ചോദിച്ചതോടെ ഭീഷണി തുടങ്ങിയെന്നാണ് ആരോപണം. പണം തിരികെ ചോദിച്ചാൽ ലൈംഗിക പീഡനക്കേസിൽ കുടുക്കുമെന്ന് നടി ഭീഷണിപ്പെടുത്തിയതായി ധർമ്മേന്ദ്ര ആരോപിച്ചു. നടി ഹേമയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ 70 ലക്ഷം രൂപ തിരികെ നൽകാമെന്ന് അഷു റെഡ്ഡി സമ്മതിച്ചിരുന്നെങ്കിലും പിന്നീട് ഇത് പാലിക്കപ്പെട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.