പുനരധിവാസം അതിവേഗം

പുനരധിവാസം അതിവേഗം എല്‍സ്റ്റണ്‍ ടൗണ്‍ഷിപ്പില്‍ 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ​മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സുരക്ഷിതവും സമഗ്രവുമായ ജീവിതം തിരികെ നൽകും

പുനരധിവാസം അതിവേഗം
പുനരധിവാസം അതിവേഗം

പുനരധിവാസം അതിവേഗം; എല്‍സ്റ്റണ്‍ ടൗണ്‍ഷിപ്പില്‍ 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

​കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സുരക്ഷിതവും സമഗ്രവുമായ ജീവിതം തിരികെ നല്‍കുന്നതിനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് ഇതിനോടകം പൂര്‍ത്തിയായി. അഞ്ച് സോണുകളിലായി തിരിഞ്ഞാണ് നിലവില്‍ പ്രവൃത്തികള്‍ നടക്കുന്നത്.

​നിര്‍മ്മാണ പുരോഗതി ഒറ്റനോട്ടത്തില്‍:

മൊത്തം 344 വീടുകള്‍ക്കായുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ 326 വീടുകളുടെ അടിത്തറയൊരുക്കലും 305 വീടുകളുടെ പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് പ്രവൃത്തികളും കഴിഞ്ഞു. കൂടാതെ 303 വീടുകളുടെ അടിത്തറ നിര്‍മ്മാണം, 302 വീടുകളിലെ സ്റ്റമ്പ്, 287 വീടുകളുടെ പ്ലിന്ത്, 243 വീടുകളില്‍ ഷിയര്‍ വാള്‍ എന്നിവയുടെ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. 49 വീടുകളുടെ ഗ്രിഡ് സ്ലാബ് പ്രവൃത്തിയും 7 വീടുകളുടെ പ്ലാസ്റ്ററിങ്ങും നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്.

​അടിസ്ഥാന സൗകര്യങ്ങള്‍:

താമസക്കാര്‍ക്കായി വിപുലമായ റോഡ് ശൃംഖലയാണ് ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്നത്. ആകെ 11.423 കിലോമീറ്റര്‍ റോഡുകളാണ് ഇവിടെ നിര്‍മിക്കുക. 12.65 മീറ്റര്‍ വീതിയുള്ള പ്രധാന പാതയുടെയും വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന ഇടറോഡുകളുടെയും നിര്‍മ്മാണം ദ്രുതഗതിയിലാണ്. ഒന്‍പത് ലക്ഷം ലിറ്റര്‍ ശേഷിയുള്ള കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡ്രെയ്നേജ് സംവിധാനം എന്നിവയുടെ നിര്‍മ്മാണവും സമാന്തരമായി നടക്കുന്നു.

​വൈദ്യുതീകരണത്തിന്റെ ഭാഗമായി കെഎസ്ഇബിയുടെ നിലവിലുള്ള വിതരണ ലൈനുകള്‍ മാറ്റി സ്ഥാപിച്ചു. 110 കെവി ലൈനിനായി നാല് പ്രധാന ടവറുകള്‍ എല്‍സ്റ്റണില്‍ സ്ഥാപിച്ചുകഴിഞ്ഞു. പ്രധാന റോഡുകളില്‍ ഇലക്ട്രിക്കല്‍ ഡക്ട്, സൈഡ് ഡ്രെയിന്‍ എന്നിവയുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്.

​നിലവില്‍ 1300-ലധികം തൊഴിലാളികളാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ ടൗണ്‍ഷിപ്പില്‍ ജോലി ചെയ്യുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ച് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ വീടുകളുടെ കൈമാറ്റം ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.